Tuesday, 17 June - 2025

എണ്ണായിരത്തിനടുത്ത് ആഢംബര കാറുകൾ തിരികെ വിളിച്ച് സഊദി വാണിജ്യ മന്ത്രാലയം

റിയാദ്: ബ്രേകിങ് സിസ്റ്റത്തിലെ തകരാർ അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി
എണ്ണായിരത്തിനടുത്ത് ആഢംബര കാറുകൾ തിരികെ വിളിച്ച് സഊദി വാണിജ്യ മന്ത്രാലയം. ബി.എം.ഡബ്ലു, മിനികൂപ്പർ, റോൾസ്-റോയ്‌സ് കാറുകളുടെ വിവിധ മോഡലുകളാണ് തിരികെ വിളിച്ചത്.

സൗദിയിലെ വാണിജ്യ മന്ത്രാലയമാണ് തിരികെ വിളിച്ച കാറുകളുടെ വിവരങ്ങൾ പുറത്ത് വിട്ടത്. 7,754 ബിഎംഡബ്ല്യു, 124 മിനികൂപ്പർ, 60 റോൾസ് റോയ്‌സ് കാറുകളാണ് വിപണിയിൽ നിന്നും തിരികെ വിളിച്ചത്. 2023 മുതൽ 24 വരെയുള്ള മോഡലുകൾക്കാണ് ഇത് ബാധകം. നിലവിൽ വിറ്റുപോയവ ഉപഭോക്താക്കൾക്ക് സൗജന്യമായി റിപ്പയർ ചെയ്ത് നൽകണം. വിൽക്കാനുള്ളവയുടെ തകരാർ പരിഹരിക്കുകയും വേണം.

ഇന്റഗ്രേറ്റഡ് ബ്രേക് സിസ്റ്റത്തിലെ തകരാർ ആന്റി ലോക് ബ്രേക് സിസ്റ്റത്തേയും സ്റ്റബിലിറ്റി കൺട്രോൾ സിസ്റ്റത്തേയും ബാധിക്കുന്നതായാണ് കണ്ടെത്തൽ. ഇതിനാൽ വാഹനത്തിന്റെ ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം നിശ്ചിത അകലത്തിനും മുന്നേ തന്നെ പ്രവർത്തിക്കുകയും വാഹനത്തിന് പിറകിൽ വാഹനങ്ങൾ ഇടിക്കാൻ കാരണമാവുകയും ചെയ്യും.

ബിഎം ഡബ്ലുവിന്റെ ഫൈവ് സീരീസ്, എക്‌സ് സീരിസിലെ 1,2,5,6,7 മോഡലുകളും സെവൻ സീരീസ് മോഡലുകളും ഇതിൽ പെടും. വാഹന ഉപഭോക്താക്കൾക്ക് തിരികെ വിളിച്ച മോഡലുകളുടെ വിശദാംശങ്ങൾ ചേസിസ് നമ്പർ നൽകി പരിശോധിക്കാം. ഇതിനായി www.recalls.sa എന്ന വെബ്‌സൈറ്റിൽ പരിശോധിച്ചാൽ മതി.

Most Popular

error: