ദുബായ്: ദുബായ് റോഡിലൂടെ ‘പറന്ന’ കാറിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 220 കിലോ മീറ്റർ വേഗത്തിലാണ് തിരക്കേറിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡി(ഇ311)ലൂടെ കാർ ചീറിപ്പാഞ്ഞത്. തന്‍റെ വേഗം ഡ്രൈവർ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച പുലർച്ചെ പൊലീസ് പട്രോളിങ് കാറിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. റോഡ് സുരക്ഷിതമാക്കുന്നതിനും ഡ്രൈവറെ തടയുന്നതിനുമായി കൂടുതൽ പട്രോളിങ്ങിനെ വിളിച്ചതായി ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്‌റൂയി പറഞ്ഞു. തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിയമനടപടികൾക്കായി ഇയാളെ പ്രോസിക്യൂട്ടർമാർക്ക് കൈമാറുകയും കാർ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഡ്രൈവറുടെ വിഡിയോയുടെ ദൃശ്യങ്ങൾ പൊലീസിന്‍റെ ഔദ്യോഗിക ചാനലുകളിൽ പങ്കുവച്ചു. ഡ്രൈവറുടെ സുരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും ഒരുപോലെ അപകടമുണ്ടാക്കുന്നതാണ് കാറിന്‍റെ അമിതവേഗമെന്ന് അധികൃതർ പറഞ്ഞു.
യുഎഇ നിയമമനുസരിച്ച് തന്‍റെ കാർ വിട്ടുകിട്ടാൻ ഡ്രൈവർ 50,000 ദിർഹം നൽകണമെന്നും മേജർ ജനറൽ അൽ മസ്‌റൂയി കൂട്ടിച്ചേർത്തു. ഇ311-ലെ വേഗ പരിധി മണിക്കൂറിൽ 110കിലോ മീറ്റർ ആണ്. മണിക്കൂറിൽ 20 കിലോ മീറ്റർ ബഫർ സമയവും അനുവദിച്ചിട്ടുണ്ട്.




