‘സീസണൽ വിസ’യിൽ കുടുങ്ങി മലയാളികൾ സഊദിയിൽ: ഭക്ഷണവും ശമ്പളവുമില്ലാതെ ആറുമാസം; ഒടുവിൽ ദുരിതം സഹിച്ച് നാട്ടിലെത്തി

0
47

റിയാദ്: സീസണൽ വർക്ക് വീസയിലൂടെ കഫ്തീരിയ മേഖലയിൽ ജോലിക്കായി സഊദിയിലെത്തിയ മലയാളികൾ തട്ടിപ്പിനിരയായി. മലപ്പുറം സ്വദേശികളായ ഇവർ ഒടുവിൽ സാമൂഹ്യ പ്രവർത്തകരുടെയും നന്മ വറ്റാത്ത പ്രവാസികളുടെയും കാരുണ്യത്തിൽ നാട്ടിലെത്തി. സീസണൽ വർക്ക് വീസയില്‍ റിയാദിൽ എത്തിയ മലപ്പുറം സ്വദേശികളായ അബ്ദുൽ കരീമും നിസാമുദ്ദീനുമാണ് തട്ടിപ്പിനിരയായത്.

ആദ്യഘട്ടത്തിൽ 90 ദിവസവും പരമാവധി 180 ദിവസം വരെയും വിദേശ പൗരന്മാരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്ന ‘സീസണൽ വീസ’ യിലാണ് ഇവർ കുടുങ്ങിയത്. കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിലൂടെയാണ് ഇവർക്ക് നാട്ടിലെത്താനായത്.

ആദ്യ രണ്ടു മാസങ്ങളിൽ ജോലിയും ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയെങ്കിലും മൂന്നാം മാസം മുതൽ ശമ്പളം നൽകാതിരിക്കുകയും തുടർന്ന് ജോലി ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഇവരെ ഏകദേശം ആറുമാസത്തോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ മുറിയിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി. നാട്ടിലേക്ക് മടങ്ങി പോകണമെന്ന ആവശ്യമുന്നയിച്ചപ്പോൾ എംബ‌സിയെ സമീപിക്കാനാണ് കഫറ്റേരിയ അധികൃതർ മറുപടി നൽകിയത്. ഭക്ഷണം പോലും ലഭിക്കാതെ വന്നതോടെയാണ് സഹായത്തിനായി സുഹൃത്തുക്കൾ മുഖേന ഇവർ കേളിയെ സമീപിച്ചത്.

ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയതിനു ശേഷം കേളി വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ വീസ നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭിച്ചില്ല. ഇതിനിടെ തൊഴിലാളികളെ മുറിയിൽ നിന്നും പുറത്താക്കാൻ ശ്രമവും ഉണ്ടായി. എംബസി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി നൽകുകയും കേളി വിമാന ടിക്കറ്റും സുഹൃത്തുക്കൾ ആവശ്യ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തോടെ ഇവർ നാട്ടിലെത്തി.

തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ എംബസിയിൽ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വീസകളിൽ എത്തുന്നവർ കൃത്യമായി അന്വേഷിച്ചതിനു ശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ എന്നും കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.