അതേസമയം, ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച 45 പേരെയാണ് അബുദാബി പോലീസ്അറസ്റ്റ് ചെയ്തത്. ഇത്തരം പോസ്റ്റുകൾ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനും തെറ്റായ വാർത്തകൾ പ്രചരിക്കാനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് സ്ഥിരീകരിച്ചു. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക
വിവരങ്ങളുടെ ഉറവിടം കൃത്യമാണെന്ന് പരിശോധിക്കണമെന്നും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പ്
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്ന് പോലീസ് താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങളെയും പൊതുജന സുരക്ഷയെയും ബാധിക്കുമെന്നതിനാൽ സംഭവസ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതോ അവ പങ്കുവെക്കുന്നതോ ഒഴിവാക്കണം. സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.
തേസമയം സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിവിധ രാജ്യക്കാരായ 10 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. ഇവരെ അന്വേഷണത്തിന് ശേഷം അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് മാറ്റി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നടന്ന തുടർച്ചയായ നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ദേശീയ സുരക്ഷയും സമാധാനവും തകർക്കാനും ലക്ഷ്യമിട്ടുള്ള വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ചില സംഭവങ്ങളെ ഇവർ ദുരുപയോഗം ചെയ്തതായി അധികൃതർ പറഞ്ഞു.
ദുരുപയോഗം ചെയ്തു
വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, വിവിധ സ്ഥലങ്ങളിൽ മിസൈലുകൾ പതിച്ചതായി തോന്നിപ്പിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളും ഇവർ പങ്കുവെച്ചിരുന്നു. യുഎഇയിലെ പ്രമുഖ അടയാളങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ ആക്രമണം നടന്നതായും വലിയ തീപിടുത്തങ്ങൾ ഉണ്ടായതായും തെറ്റായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ശ്രമം
ചില വീഡിയോകൾ കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന രീതിയിലും സുരക്ഷാ ഭീഷണിയുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുമാണ് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന വ്യാജ അവകാശവാദങ്ങളും, വിദേശരാജ്യങ്ങളിൽ നടന്ന സംഭവങ്ങൾ യുഎഇയിൽ നടന്നതാണെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളും ഇവർ നടത്തി. യഥാർത്ഥ ദൃശ്യങ്ങളായാലും കൃത്രിമമായി നിർമ്മിച്ചവയായാലും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പൊതു സുരക്ഷയെ ബാധിക്കുമെന്നും ശത്രു രാജ്യങ്ങളിലെ മാധ്യമങ്ങൾക്ക് വസ്തുതകൾ വളച്ചൊടിക്കാൻ അവസരം നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറസ്റ്റിലായ പ്രതികളുടെ പട്ടികയിൽ ഒരു ഈജിപ്ഷ്യൻ, ഫിലിപ്പിനോ, വിയറ്റ്നാമീസ്, പാകിസ്ഥാനി, ഇറാനി, ബംഗ്ലാദേശി, കാമറൂണിയൻ, നേപ്പാളി സ്വദേശികളും രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. പൊതുജന സുരക്ഷയെ ബാധിക്കുന്നതോ ഭീതി പടർത്തുന്നതോ ആയ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് ഡോ. അൽ ഷംസി ഊന്നിപ്പറഞ്ഞു. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളുടെ രഹസ്യ സ്വഭാവം വെളിപ്പെടുത്തുന്ന വീഡിയോകൾ പങ്കുവെക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.