ചെന്നൈ: വീട്ടുജോലിക്കാരന്റെ പരാതിയിൽ നടി പാര്‍വതി നായര്‍ക്കെതിരെ കേസ് എടുത്ത് ചെന്നൈ പൊലീസ്. നടിയും കൂട്ടുകാരും ചേർന്ന് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിന്റെ പരാതിയിൽ ആരോപിക്കുന്നത്. പരാതിയെ തുടര്‍ന്ന് നടി പാര്‍വതി നായര്‍, നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം യുവാവ് സൈദാപേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോടതി നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ പാര്‍വതിക്കും നിര്‍മ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം, 2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്ന് ആരോപിച്ച് നടി സുഭാഷ് ചന്ദ്രബോസിനെതിരെ പരാതി നല്‍കിയിരുന്നു. 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും നഷ്ടമായെന്നയിരുന്നു പരാതി. ഇതിന് പിന്നാലെയാണ് യുവാവും പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.നഷ്ടമായ പണം വീണ്ടെടുക്കാന്‍ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.