കോഴിക്കോട്:പി വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണം നിഷേധിച്ച് മുസ്ലിം ലീഗ്. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു.
മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതില്‍ എവിടെയും അന്‍വറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമര്‍ശമില്ല. മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അന്‍വറിന് ആ നിലപാടിനൊപ്പം നില്‍ക്കേണ്ടി വരും എന്ന് പറഞ്ഞാല്‍ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും എന്നും പി എം എ സലാം ചോദിച്ചു.
സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുസ്ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്.
അന്‍വര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്ലിംലീഗും യുഡിഎഫും ഉന്നയിച്ചുവരുന്ന കാര്യങ്ങള്‍ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അന്‍വര്‍ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചര്‍ച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുതെന്നും പിഎംഎ സലാം പറഞ്ഞു.
പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും ഒരുമിച്ച് പോരാടാം എന്നുമുള്ള ഇക്ബാല്‍ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് നീക്കുകയും ചെയ്തിരുന്നു.