ദമാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ പക്ഷാഘാതത്തെ തുടർന്ന തളർന്ന പ്രവാസി മലയാളിയെ സാമൂഹിക പ്രവർത്തരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. 17 വർഷമായി ദമാമിൽ ഹൗസ് ഡ്രൈവറായിരുന്ന പാലക്കാട് ചേർപ്പുളശ്ശേരി സ്വദേശി സുധീർ (58) നാട്ടിൽ അവധിക്ക് പോയി തിരികെ എത്തിയതിന്‍റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്.
തുടർന്ന് സ്പോൺസർ കോബാർ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശരീരത്തിന്‍റെ വലതു വശത്തിന്‍റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.
നീണ്ട നാളത്തെ ചികിത്സ തുടർന്നു നൽകിയെങ്കിലും കാര്യമായ പുരോഗതിയും ലഭിച്ചിരുന്നില്ല. കിടപ്പു രോഗിയായതിനാൽ നാട്ടിലേക്ക് മടങ്ങി വീട്ടുകാരുടെ അടുത്തെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും യാത്ര ചെയ്യാനുള്ള ശാരീരിക ക്ഷമത ഇല്ലാത്തിനാൽ നിരാശബാധിച്ചു മാനസികവുമായും തളർന്ന അവസ്ഥയിലായി. കഴിഞ്ഞ 10 ദിവസങ്ങൾക്കു മുൻപാണ് ശയ്യാവലംബിയായി കഴിയുന്ന ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരം ദമാം കെഎംസിസി പ്രവർത്തകർ അറിയുന്നത്.
തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷരീഫ് പാറപ്പുറത്ത് ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി ജീവകാരുണ്യവിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂരിന്‍റെ സഹായം തേടി.ആശുപത്രി ജീവനക്കാരനും അഖ്റബിയ്യ കെഎംസിസി ഭാരവാഹിയുമായ ഇർഷാദ് കാവുങ്ങലിനെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചു. ആരോഗ്യനില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കൂടെ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാരോട് അന്വേഷിച്ചപ്പോൾ കർശന നിർദ്ദേശം ഉള്ളതിനാൽ 10 ദിവസത്തിന് ശേഷം നാട്ടിൽ പോകാം എന്ന് ആശ്വസിപ്പിച്ചു.
ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കി. അതിനിടയിൽ പല തവണ രോഗിയെ നേരിട്ട് കണ്ട് ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.
ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു എന്ന് ഡോക്ടർമാരുടെ നിർദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചു. സുധീറിന്‍റെ സ്വദേശി സ്പോൺസർ ചികിത്സയ്ക്കും തുടർചികിത്സക്കും വേണ്ടുന്ന സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു മടങ്ങാനുള്ള ടിക്കറ്റും മറ്റും എത്തിച്ചു. അതനുസരിച്ചു യാത്ര രേഖകളും മറ്റു തയ്യാറാക്കി കഴിഞ്ഞ രാത്രി 12.10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ തുടർചികിത്സക്കായി വീട്ടുകാരുടെ സമീപം എത്തിച്ചു.
ആശുപത്രിയിലും യാത്രാ സൌകര്യങ്ങൾ ഒരുക്കുന്നതിനും അൽ ഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഇഖ്‌ബാൽ സാഹിബ് ആനമങ്ങാട്,മൊയ്‌ദീൻ ദേലംപാടി, സകരിയ ചൂരിയോട്ട്, ഇർഷാദ് കാവുങ്ങൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പ്രവാസികളുടെ പ്രത്യേക ശ്രദ്ധക്ക് ആരോഗ്യമാണ് തൊഴിലെടുക്കാനുള്ള സമ്പത്ത്. അൻപത്തെട്ടുകാരനായ ആരോഗ്യമുണ്ടായിരുന്ന സുധീറിന് അവിചാരിതമായാണ് പക്ഷാഘാതം വന്ന് ഒരു വശം തളർന്നത്. രക്തസമ്മർദ്ദം അവിചാരിതമായി കുറഞ്ഞതാണ് പക്ഷാഘാതത്തിനു കാരണമായിത്തീർന്നത്.
ജോലി സാഹചര്യങ്ങളും സമ്മർദ്ദവും കണക്കിലെടുത്ത് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും പ്രത്യക്ഷത്തിൽ ഇല്ലായെങ്കിലും സമയബന്ധിതമായി ആരോഗ്യ സുരക്ഷ പരിശോധനകൾ നടത്തുന്നത് ഇത്തരം സാഹചര്യങ്ങൾ ഒരു പരിധിവരെ മുൻകൂട്ടി മനസിലാക്കാനും മുൻകരുതലെടുക്കാനും സാധിക്കുമെന്നണ് ആരോഗ്യ വിദഗ്ധർ പറഞ്ഞത്.