തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ല. അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അങ്ങനെയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍. അതുകൊണ്ടാണല്ലോ ഇടതുപക്ഷ എംഎല്‍എ എന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയാണ് നിയോഗിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു. അന്‍വറിന് അങ്ങനെയൊരു പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. അതിന് ശേഷം മാത്രം പരസ്യനിലപാടിലേക്ക് പോകണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പി ശശിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ പി ശശിയെന്നല്ല, ആരും സീറ്റില്‍ കാണില്ല. ആരോപണം വന്നതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടിയില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റ് കണ്ടാല്‍ ആരും സംരക്ഷിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപി എം ആര്‍ അജിത് കുമാറിനെ നിലവില്‍ മാറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.