കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു പ്രതികരണം.
‘കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തിയ്യതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം. എല്ലാം വഴിയെ മനസ്സിലാകും’, എന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം.
പീഡന പരാതി ഉയര്‍ന്ന ഘട്ടത്തില്‍ അമേരിക്കയില്‍ ആയിരുന്ന നടന്‍ ഇന്നാണ് തിരികെയെത്തിയത്. അന്ന് തന്നെ സോഷ്യല്‍മീഡിയയിലൂടെ താരം പ്രതികരിച്ചിരുന്നു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നത് എന്നായിരുന്നു ജയസൂര്യ പ്രതികരിച്ചത്.
സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും. നിരപരാധിത്വം തെളിയാന്‍ ഉളള നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും ജയസൂര്യ പ്രതികരിച്ചിരുന്നു.