Tuesday, 22 April - 2025

അമിത ജോലി, മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു; മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

സ്വപ്നജോലിയായിരുന്നു അത്, പക്ഷേ അമിത ജോലിഭാരം അന്നയുടെ ജീവൻ കവർന്നു…

ന്യൂഡല്‍ഹി: അമിത ജോലി ഭാരം കൊണ്ട് മരണത്തിനിരയായി ഇരയായി കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍. ജോലിയിലെ സമ്മർദത്തെ തുടർന്നാണ് മകള്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. അന്നയുടെ അമ്മ കമ്പനിയുടെ മേലധികാരികൾക്ക് തുറന്ന കത്തയച്ചു. പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ്ങിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളിലാണ് അന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അമിത ജോലി ഭാരം മൂലം 26കാരിയുടെ ജീവന്‍ നഷ്ടമായെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴില്‍ ചൂഷണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്നയുടെ മരണ കാരണം സംബന്ധിച്ച് പരിശോധിക്കുമെന്നും കേന്ദ്രതൊഴില്‍ മന്ത്രി ശോഭാ കരന്തലജെ അറിയിച്ചു. കൊച്ചി കളമശ്ശേരി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യനാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. മകളുടെ മരണം അമിത ജോലിഭാരം മൂലമാണെന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്. കേരള കൃഷി വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടര്‍ വൈക്കം പേരയില്‍ സിബി ജോസഫിന്റേയും എസ്.ബി.ഐ മുന്‍ മാനേജര്‍ അനിത അഗസ്റ്റിന്റേയും മകളാണ് അന്ന. പുനെയില്‍ ഏണസ്റ്റ് ആന്റ് യംഗില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് അന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ പൂനെ ഓഫീസില്‍ ജോലിക്ക് പ്രവേശിച്ചത്. അമിത ജോലി ഭാരമുണ്ടായിരുന്നിട്ടും അന്ന ഒരിക്കലും മാനേജ്മെന്റിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അമ്മ കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച തുറന്ന കത്തില്‍ പറഞ്ഞിരുന്നു. അവള്‍ എല്ലാം സഹിച്ചു. ഇനി ഒരു കുടുംബത്തിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് കത്തെഴുതുന്നതെന്നും അമ്മ പറഞ്ഞു.

കൊച്ചി സേക്രട്ട് ഹാര്‍ട്ട് കോളേജിലായിരുന്നു അന്നയുടെ കോളേജ് വിദ്യാഭ്യാസം. തുടര്‍ന്ന് സിഎ പരീക്ഷ പാസായി. ഇതിന് ശേഷമാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ അന്ന ജോലിക്ക് പ്രവേശിച്ചത്. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അന്ന വളരെയധികം സന്തോഷവതിയായിരുന്നുവെന്ന് അമ്മ പറയുന്നു. എന്നാല്‍ ജൂലൈ 20 ന് അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം അസ്തമിച്ചുവെന്നും അമ്മ പറഞ്ഞു. അന്നയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇവൈ കമ്പനിയില്‍ നിന്ന് ആരും വന്നില്ലെന്നും കമ്പനി അധികൃതര്‍ക്ക് താന്‍ അയച്ച കത്തിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും അന്നയുടെ അമ്മ പ്രതികരിച്ചു.

സ്വപ്നജോലിയായിരുന്നു അത്, പക്ഷേ അമിത ജോലിഭാരം അന്നയുടെ ജീവൻ കവർന്നു…

കൊച്ചി: ‘അമിതജോലിഭാരം കാരണം ഒട്ടേറെപ്പേർ ജോലി രാജിവെച്ചു. നീ വേണം ടീമിനെപ്പറ്റിയുള്ള ഈ മോശം അഭിപ്രായം മാറ്റാൻ.’ മാർച്ചിൽ ഇ.വൈ. (ഏണസ്റ്റ് ആൻഡ് യങ്) കമ്പനിയുടെ പുണെ ഓഫീസിൽ ആദ്യ ജോലിയിൽ പ്രവേശിച്ച 26-കാരി അന്ന സെബാസ്റ്റ്യന് ടീം മാനേജർ നൽകിയ നിർദേശമാണിത്. എന്നാൽ, നാലുമാസം കഴിഞ്ഞ് ജൂലായ് ഇരുപതിന് താമസസ്ഥലത്ത് കുഴഞ്ഞുവീണ് അന്ന മരിച്ചു. അമിതജോലിഭാരം തന്റെ മകളുടെയും ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് ഇപ്പോൾ ചർച്ചയാവുകയാണ്.

മരിക്കുന്നതിന് രണ്ടാഴ്ചമുൻപ്‌ നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പുണെയിൽനടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാൻപോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത് -അമ്മ എഴുതിയ കത്തിൽ പറയുന്നു.

ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജർ മീറ്റിങ്ങുകൾ മാറ്റിവെച്ചിരുന്നതെന്നും കത്തിൽ പറയുന്നു. ആദ്യജോലിയായതിനാൽ അന്ന പരാതിപ്പെട്ടില്ല. അതിന് അവൾ കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവനായിരുന്നെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി.

മരിക്കുന്നതിനു തൊട്ടുമുൻപേ അമ്മയുമായി സംസാരിച്ചു മരിക്കുന്നതിനു തൊട്ടുമുൻപുവരെ അമ്മ അനിതാ അഗസ്റ്റ്യനുമായി ഫോണിൽ സംസാരിച്ചിരുന്നെന്ന് കങ്ങരപ്പടിയിലെ വീട്ടിലിരുന്ന് പിതാവ് സിബി ജോസഫ് മാതൃഭൂമിയോട് പറഞ്ഞു. ജോലിഭാരവും സമയംതെറ്റിയുള്ള ആഹാരക്രമവുമെല്ലാം ആയിരുന്നു ഇവരുടെ സംസാരവിഷയം. കഷ്ടപ്പാടുകണ്ട് രാജിവെക്കാൻ പലപ്രാവശ്യം പറഞ്ഞു. -സിബി ജോസഫ് പറഞ്ഞു.

മറ്റു കമ്പനികളിൽനിന്ന് ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും ഇ.വൈ. പുണെ ഓഫീസിലെ ജോലിയാണ് അന്ന തിരഞ്ഞെടുത്തത്. സി.എ. പഠനത്തിന്റെ തിരക്കിനിടയിലും അനാഥരായ കുട്ടികൾക്ക് ക്ലാസെടുത്തിരുന്നെന്നും പിതാവ് പറഞ്ഞു.

അന്നയുടെ വേർപാട് തീരാനഷ്ടമെന്ന് ഇ.വൈ.

അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് ഇ.വൈ. അനുശോചനസന്ദേശത്തിൽ കുടുംബത്തെ അറിയിച്ചു. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രധാന്യംനൽകുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് കമ്പനി കത്തിലൂടെ അറിയിച്ചതായി സിബി ജോസഫ് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: