Thursday, 10 October - 2024

സഊദി ആരോഗ്യ മന്ത്രാലയം സീസണൽ ഫ്ലൂ വാക്സീനേഷൻ ക്യാംപെയിൻ ആരംഭിച്ചു

ജിദ്ദ: സഊദി ആരോഗ്യ മന്ത്രാലയം സീസണൽ ഫ്ലൂ വാക്സീനേഷൻ ക്യാംപെയിൻ ആരംഭിച്ചു. പ്രതിരോധ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിനുള്ള ക്യാംപെയിൻ തുടങ്ങിയത്.

Sehhaty ആപ്പ് വഴി അപ്പോയിൻ്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാവുന്നതാണ്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ദുർബലമായ പ്രതിരോധശേഷിയുള്ളവർ, 50 വയസ്സിനു മുകളിലുള്ളവർ, കൊച്ചുകുട്ടികൾ (6 മാസം മുതൽ 5 വയസ്സ് വരെ), ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഫ്ലൂ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൈകഴുകൽ, മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തുമ്മുമ്പോൾ ടിഷ്യൂകൾ ഉപയോഗിക്കുക, ശുചിത്വം പാലിക്കൽ എന്നിവയെല്ലാം സീസണൽ ഫ്ലൂ തടയുന്നതിൽ ഉൾപ്പെടുന്നു. വാക്സീൻ ഗുരുതരമായ രോഗലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും കുടുംബങ്ങളിൽ പ്രത്യേകിച്ച് ദുർബലരായ വ്യക്തികൾക്കിടയിൽ ഇൻഫ്ലുവൻസ പടരുന്നത് തടയാനും സഹായിക്കുന്നു.

ഇൻഫ്ലുവൻസ വൈറസ് മാറ്റങ്ങൾ കാരണം വാർഷിക വാക്സിനേഷൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സെഹത്തി ആപ്പ് വഴി എല്ലാവരേയും അവരുടെ സീസണൽ ഫ്ലൂ വാക്സീൻ ബുക്ക് ചെയ്യാൻ മന്ത്രാലയം പ്രോത്സാഹിപ്പിച്ചു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കഠിനമായ രോഗസാധ്യതകൾ കുറയ്ക്കുന്നതിനും പ്രായമായ വ്യക്തികൾ വാക്സീനേഷൻ എടുക്കാൻ പ്രത്യേകം അഭ്യർത്ഥിച്ചു.

ഇതിലൂടെ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉയർത്താനും ഇൻഫ്ലുവൻസ കേസുകൾ കുറയ്ക്കാനും, സീസണൽ ഇൻഫ്ലുവൻസ മൂലമുള്ള ആശുപത്രിവാസം കുറയ്ക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Most Popular

error: