Thursday, 10 October - 2024

വാടകയ്ക്ക് എടുത്ത ബൈക്കിനെ ചൊല്ലി തർക്കം; സിനിമാ സെറ്റിൽ ആക്രമണം

കോഴിക്കോട്: മലാപറമ്പ് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. സിനിമയ്ക്കായി വാടകയ്ക്ക് എടുത്ത ബൈക്കിൻ്റെ വാടകയുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും പിന്നീട് മർദനത്തിലും കലാശിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം സിനിമ സെറ്റിലെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവരുടെ മർദനത്തിൽ പ്രൊഡക്ഷൻ മാനേജർ ടി.ടി ജിബു ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. ഷെയിൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു.

കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ ഇഖ്‌റ ഹോസ്പിറ്റലിന് എതിര്‍വശത്തെ സ്ഥലത്തുവച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ജിബുവിനെ കത്തിക്കൊണ്ട് കുത്തുകയും അക്രമിസംഘം സാരമായി മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Most Popular

error: