ന്യൂഡൽഹി: ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അദ്ദേഹം നല്ല സുഹൃത്തായിരുന്നു. രാജ്യത്തെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള വ്യക്തിയായിരുന്നു. അദ്ദേഹവുമായുള്ള നീണ്ട ചർച്ചകൾ തനിക്ക് നഷ്ടമായെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്നാണ് സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചത്. സജീവമായ ഇടപെടലിലൂടെ ഏറെക്കാലമായി ദേശീയ രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായിരുന്നു സീതാറാം യെച്ചൂരി. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിയെ ഒരുമിപ്പിച്ച് നിർത്തി ബദൽ രൂപീകരിക്കുന്നതിൽ മുന്നിൽ നിന്ന് നേതാവ് കൂടിയായിരുന്നു യെച്ചൂരി. ഇൻഡ്യ മുന്നണി രൂപീകരിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.