ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കൽ, ഗവേഷണ പഠനത്തിനായി വിട്ടുനൽകും. ഭൗതികശരീരം ഇന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) മോർച്ചറിയിൽ സൂക്ഷിക്കും.
നാളെ (വെള്ളിയാഴ്ച) വൈകുന്നേരം വസന്ത് കുഞ്ചിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ശനിയാഴ്ച സി.പി.എം ആസ്ഥാനമായ ഡൽഹി എ.കെ.ജി ഭവനിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ പൊതുദർശനം.
വൈകിട്ട് മൂന്നു മണിക്ക് പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം മെഡിക്കൽ, ഗവേഷണ പഠനത്തിനായി എയിംസിന് വിട്ടുകൊടുക്കും.
ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.