Tuesday, 10 September - 2024

‘പാർട്ടിയെ ഇകഴ്ത്താൻ തന്നെ ഉപയോഗിക്കണ്ട;മരണം വരെ ചെങ്കൊടിത്തണലിൽ’, യുഡിഎഫ് പിന്തുണ വേണ്ടെന്ന് അൻവർ

നിലമ്പൂര്‍: സിപിഐഎമ്മിനെ താറടിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ വിള്ളലുകളുണ്ടാക്കാനും തന്നെ ഉപയോഗിക്കാമെന്ന വ്യാമോഹം കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് വേണ്ടെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍.

പൊലീസ് മേധാവികളിലെ ദുഷ്പ്രവണതകള്‍ കാലങ്ങളായി ഉള്ളതാണെന്നും അത് പിണറായി വിജയന്റെ കാലത്ത് അവസാനിപ്പിക്കണമെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് താന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഉന്നതരുടെ കൊള്ളരുതായ്മകള്‍ തടയുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ‘പൊലീസിലെ ഉന്നതരുടെ കൊള്ളരുതായ്മകള്‍ എന്തുവിലകൊടുത്തും തടയണമെന്ന ദൃഢനിശ്ചയക്കാരനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ കുറ്റം ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ, ശബ്ദമുയര്‍ത്തി നല്‍കിയ ശക്തമായ മുന്നറിയിപ്പ് കേട്ടവരെ മുഴുവന്‍ ആവേശം കൊള്ളിച്ചത് മറക്കാനാവില്ല.

പൊലീസ് സേനയിലെ മുടിചൂടാമന്നമാര്‍ക്കെതിരെ പരസ്യമായി രംഗത്തുവരാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇത്തരം സമീപനങ്ങളാണ്,’ അന്‍വര്‍ പറഞ്ഞു.

Most Popular

error: