Tuesday, 10 September - 2024

കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെന്നാരോപിച്ച് യുവതിയെ മര്‍ദ്ദിച്ചെന്ന പരാതി

കൊല്ലം: കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെന്നാരോപിച്ച് 19 കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. ചവറ പൊലീസാണ് കേസെടുത്തത്. ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ക്ക് എതിരായ അതിക്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.

യുവതിയുടെ ഭര്‍ത്താവ് മഹേഷ്, സഹോദരന്‍ മുകേഷ്, മാതാപിതാക്കളായ മുരളി, ലത എന്നിവര്‍ക്ക് എതിരെയാണ് കേസ്. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം.

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്നതായിരുന്നു താനെന്നും അപ്പോഴേക്കും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാന്‍ പറഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി.

പാലുകൊടുത്തിട്ട് രണ്ടുമണിക്കൂര്‍പോലും ആയില്ലെന്ന് താന്‍ പറഞ്ഞു. അപ്പോഴേക്കും ഭര്‍ത്താവ് കഴുത്തിന് പിടിച്ചു. പിന്നെ ഭര്‍ത്താവിന്റെ അച്ഛനും മര്‍ദ്ദിച്ചെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കുടുംബം.

Most Popular

error: