Tuesday, 10 September - 2024

നികുതി അടക്കുന്നവരിൽ മുൻപന്തിയിൽ ഷാരൂഖും വിജയ്‌യും: ലിസ്റ്റിൽ ഇടംപിടിച്ച് മോഹൻലാലും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടക്കുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ബോളിവുഡ് കിങ് ഖാൻ ഷാരുഖ്. ഫോർച്യൂൺ ഇന്ത്യ വെബ്സൈറ്റ് ആണ് ലിസ്റ്റ് പുറത്തുവിട്ടത്. 92 കോടിയാണ് ഷാരൂഖ് ഖാൻ നികുതിയായി അടച്ചത്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് വിജയ് ആണ്.

80 കോടിയാണ് വിജയ് അടക്കുന്ന നികുതി തുക. മലയാളത്തിൽ നിന്ന് മോഹൻലാലും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 14 കോടിയാണ് മോഹൻലാൽ നികുതിയായി അടച്ചത്.

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ളവർ. 75 കോടി, 71 കോടിയാണ് യഥാക്രമം ഇവർ നികുതിയടച്ച തുകകൾ. നായികമാരിൽ കരീന കപൂർ 20 കോടി നികുതി അടക്കുമ്പോൾ കിയാറാ അദ്‌വാനി 12 കോടിയും കത്രീന കൈഫ് 11 കോടിയും നികുതി സർക്കാരിലേക്ക് അടച്ചു. വിരാട് കോലി (66 കോടി), ധോണി (38 കോടി), സച്ചിൻ തെൻഡുൽക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച കായികതാരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ​ഗാം​ഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുള്ള കായികതാരങ്ങളാണ്.

അജയ് ദേവ്‍ഗണ്‍ ആകെ 42 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നത്. രണ്‍ബീര്‍ കപൂർ 36 കോടി, ഹൃത്വിക് റോഷൻ 28 കോടി, ഷാഹിദ് കപൂര്‍ 14 കോടി, ആമിർ ഖാൻ 10 കോടി, പങ്കജ് തൃപാട്ടി 11 കോടി, അല്ലു അർജുൻ 14 കോടി, കപിൽ ശർമ്മ 26 കോടി എന്നിവരാണ് പട്ടികയിലുള്ള മറ്റു അഭിനേതാക്കൾ.

Most Popular

error: