നിലമ്പൂർ: എടവണ്ണ റിദാൻ ബാസിൽ വധക്കേസിൽ സിബിഐ അന്വഷണം നടത്തണമെന്ന് കുടുംബം. റിദാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് കെട്ടിച്ചമച്ച കഥ സമ്മതിക്കാൻ റിദാന്റെ ഭാര്യയെ മർദിച്ചെന്നും കുടുംബം പറഞ്ഞു.
പ്രതി പണം തന്നാൽ കേസിൽ നിന്ന് പിന്മാറുമോ എന്ന് എസ്പി സുജിത്ത് ദാസ് ചോദിച്ചു. കൊല്ലപ്പെട്ട റിദാന്റെ രണ്ട് മൊബൈൽ ഫോണുകൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. പൊലീസ് കെട്ടിച്ചമച്ച കഥയാണ് എല്ലാം. റിദാനെ എന്തിന് കൊലപ്പെടുത്തിയെന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.
‘പത്തരയോടെ റിദാനെ അന്വേഷിച്ച് ഷാനിന്റെ ഫോൺ വന്നു. വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത് ഷാൻ ആണ്. റിദാൻ കൊല്ലപ്പെട്ട അടുത്ത ദിവസം പൊലീസ് റിദാന്റെ ഭാര്യയെ മർദിച്ചു. നിലമ്പൂർ കൊണ്ടുപോയി പൊലീസ് മകളെ ചോദ്യം ചെയ്തു. പൊലീസുകാർ മകന്റെ ഭാര്യയെ ഒരുപാട് മർദിച്ചു. ബൂട്ടിട്ട് ചവിട്ടി. മുടിപിടിച്ച് വലിച്ചു. ഷാനുമായി മകന്റെ ഭാര്യക്ക് ബന്ധമുണ്ടെന്ന് വരുത്തിതീർക്കാനായിരുന്നു പൊലീസുകാരുടെ ഉദ്ദേശ്യം,’ റിദാന്റെ കുടുംബം പറഞ്ഞു.
2023 ഏപ്രിൽ 22ന് പെരുന്നാൾ ദിവസമാണ് എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിലിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൂന്ന് വെടിയുണ്ടകളാണ് യുവാവിന്റെ ശരീരത്തിൽ തറച്ചിരുന്നത്. സംഭവത്തിൽ റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ മുഹമ്മദ് ഷാനെ(30) ഏപ്രിൽ 24ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ കൂട്ടുപ്രതികളായ ഏഴു പേരും പിന്നാലെ അറസ്റ്റിലായി. സംഭവം നടന്ന് 88ാം ദിവസം പൊലീസ് സമർപ്പിച്ച 4598 പേജുള്ള കുറ്റപത്രത്തിൽ ഷാനുൾപ്പെടെ എട്ട് പ്രതികളെയും 169 സാക്ഷികളെയും കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്.
കൊല്ലപ്പെടുന്നതിന് നാളുകൾക്ക് മുമ്പ് റിദാൻ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എംഡിഎംഎ കേസിൽ അറസ്റ്റിലായിരുന്നു. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും ചില സുഹൃത്തുക്കൾ ചേർന്ന് തന്നെ കേസിൽ കുടുക്കിയതാണെന്നും റിദാൻ പറഞ്ഞിരുന്നു.
നാട്ടിലെ സ്വർണക്കള്ളക്കടത്ത്, ലഹരി വിൽപന തുടങ്ങിയ വിഷയങ്ങളിൽ മാന്യരെന്ന് തോന്നുന്ന ചിലരാണെന്നും ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും റിദാൻ പറഞ്ഞിരുന്നു, ഇതിന് പിന്നാലെയായിരുന്നു റിദാനെ വെടിവെച്ചു കൊലപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ചെമ്പക്കുത്ത് ജാമിയ നദ്വിയ്യ കോളജിനു സമീപത്തെ പുലിക്കുന്ന് മലയിൽ നിന്നായിരുന്നു റിദാന്റെ മൃതദേഹം കണ്ടെത്തിയത്.
ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ പി വി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് റിദാൻ കൊലക്കേസ് വീണ്ടും ചർച്ചയായത്. സ്വർണക്കടത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്നാണ് എംഎൽഎയുടെ ആരോപണം.
സ്വർണക്കടത്തിന്റെ വിവരങ്ങൾ അറിയാവുന്നത് കൊണ്ടാണ് റിദാനെ കൊലപ്പെടുത്തിയത്. കേസിൽ നിരപരാധിയെ പ്രതിയാക്കാൻ ശ്രമം നടന്നു. മരിച്ച റിദാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ ഞാൻ കണ്ടിരുന്നു. ഇപ്പോൾ കേസിൽ പ്രതിചേർക്കപ്പെട്ട ഷാൻ ഒരിക്കലും അത് ചെയ്യില്ലെന്നാണ് ആ പെൺകുട്ടി പറയുന്നത്.
പ്രതിയായ ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നതായി സമ്മതിച്ചുകൊടുക്കണമെന്ന് റിദാന്റെ ഭാര്യയെ പൊലീസ് നിർബന്ധിച്ചു. യുവതിയുമായി ഒരുമിച്ച് ജീവിക്കാൻ കാമുകനായ ഷാൻ റിദാനെ വെടിവെച്ച് കൊന്നെന്ന് വരുത്തിതീർക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നുമായിരുന്നു എംഎൽഎയുട ആരോപണം.