Tuesday, 10 September - 2024

പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

പുറത്തുവവന്ന കാര്യങ്ങൾ രാജ്യത്തിനു തന്നെ അപമാനമായിരിക്കുകയാണ്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആളാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. അതിന് പിന്തുണ നൽകിയിരിക്കുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യമന്ത്രിക്ക് എങ്ങനെ ഇതിൽനിന്ന് ഒളിച്ചോടാൻ കഴിയുമെന്ന് ചോദിച്ച സതീശൻ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും കൂട്ടിച്ചേ‍ർത്തു.

കേരളം ഞെട്ടാൻ പോകുന്ന ഗുരുതര കാര്യങ്ങളാണ് നടന്നിരിക്കുന്നത്. സിബിഐ അന്വേഷണം വേണം. ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്ക് എതിരായാണ് ഇത്രയും ഗുരുതരാരോപണം ഉയർന്നിട്ടുള്ളത്? ഭരണകക്ഷി എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ അയാൾക്കെതിരെ നടപടി എടുക്കട്ടെ. എന്നാൽ നടപടിയെടുക്കാൻ ധൈര്യമില്ല.

അയാളുടെ കയ്യിൽ ഇനിയും വിവരങ്ങൾ ഉണ്ടെന്ന് സർക്കാരിന് അറിയാം. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്ഥനാണ് ഈ പറയുന്നത്. വിശ്വാസ്യ യോഗ്യമല്ലാത്ത കാര്യമാണെങ്കിൽ അയാൾക്കെതിരെ നടപടി എടുക്കട്ടെ. മുഖ്യമന്ത്രി വാ തുറക്കണം. ധൈര്യമുണ്ടെങ്കിൽ മാധ്യമപ്രവർത്തകരെ കാണണമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

തകർന്നു തരിപ്പണമായ ആഭ്യന്തര സംവിധാനം കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കസേരയിൽ വാഴ വെച്ചാൽ വാഴ പോലും ചോദിക്കും ഇങ്ങനെ ഒരു സ്ഥലത്താണോ വെച്ചതെന്ന്. കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതികരിച്ച ഷാഫി കള്ളക്കളികൾക്ക് കൂട്ടുനിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നും ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴവെച്ച് അപമാനിതരായ എസ്എഫ്ഐയുടെ കയ്യിൽ വാഴ ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ കസേരയിൽ വയ്ക്കണം. വാഴ എന്നോട് ക്ഷമിക്കണം. മുഖ്യമന്ത്രിയുടെ കസേരയിൽ വയ്ക്കാൻ പറഞ്ഞാൽ വാഴയ്ക്കുപോലും തന്നോട് കലിപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടർ ടിവി പുറത്തുവിട്ട, പി വി അൻവർ എംഎൽഎയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങളാണ് വലിയ രാഷ്ട്രീയ ചർച്ചകൾക്കും നടപടികളിലേക്കും വഴിവെച്ചിരിക്കുന്നത്.

പാർട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയത്. എം ആർ അജിത്ത് കുമാർ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോൾ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അൻവർ പറഞ്ഞിരുന്നു.

മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ കോളുകൾ എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ചോർത്തുന്നുണ്ടന്നും പിവി അൻവർ ആരോപിച്ചിരുന്നു.‌

Most Popular

error: