സെന്റിന് 65 ലക്ഷത്തിലധികം, 7000 സ്ക്വ.ഫീറ്റ്; കവടിയാറില്‍ എഡിജിപിയുടെ ആഡംബര വീടൊരുങ്ങുന്നു

0
2094

തിരുവനന്തപുരം: സ്വർണക്കടത്ത്, ഫോണ്‍ ചോർത്തല്‍, കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കവടിയാറില്‍ എഡിജിപി എം ആർ അജിത് കുമാർ നിർമ്മിക്കുന്ന ‘കൊട്ടാര’ത്തെക്കുറിച്ച് ഇന്ന് പി വി അന്‍വർ വെളിപ്പെടുത്തിയത്.

‘എംആര്‍ അജിത് കുമാര്‍ കവടിയാര്‍ കെട്ടാരത്തിന്റെ കോമ്പൗണ്ടില്‍ സ്ഥലം വാങ്ങി. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്. 12,000/15,000 സ്വയര്‍ഫീറ്റ് വീടാണ് നിര്‍മ്മിക്കുന്നതെന്നാണ് വിവരം. 60 ലക്ഷം രൂപ വരെയാണ് സെന്റിന് വില. ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സ്ഥലത്തിന് തൊട്ടടുത്താണ് വീട്’, എന്നായിരുന്നു പി വി അന്‍വറിന്‍റെ ആരോപണം. ആരോപണത്തില്‍ അന്വേഷണം നടത്തിയ റിപ്പോർട്ടർ ഇക്കാര്യം സ്ഥിരീകരിച്ചു.

കവടിയാർ കൊട്ടാരത്തിന് സമീപത്തുള്ള ​ഗോൾഫ് ക്ലബിന് ഇടതുവശത്തായാണ് എഡിജിപിയുടെ ആഡംബര വീട് ഒരുങ്ങുന്നത്. സെന്റിന് 65 ലക്ഷത്തിലധികം രൂപ വില വരുന്ന പ്രദേശത്ത് 10,000-ത്തിൽ താഴെ സ്ക്വയർഫീറ്റിലാണ് വീട് നിർമിക്കപ്പെടുന്നത്. പത്ത് സെന്റ് എഡിജിപിയുടെയും 12 സെന്റ് ഭാര്യാ സഹോദരന്റെയും പേരിലാണ് വാങ്ങിയിരിക്കുന്നത്. നാല് മാസത്തോളമായി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

മൂന്ന് നിലകളിലായാണ് എഡിജിപിയുടെ വീട് ക്രമീകരിച്ചിരിക്കുന്നത്. അണ്ടർ​ഗ്രൗണ്ടിൽ കാർ പാർക്കിങ് സംവിധാനമൊരുങ്ങും. ഇവിടെ നിന്നും മറ്റു നിലകളിലേക്ക് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. റോഡിൽ നിന്ന് നോക്കിയാൽ രണ്ട് നില വീടായി തോന്നുമെങ്കിലും അണ്ടർ​ഗ്രൗണ്ട് പാർക്കിങ്, രണ്ട് നിലകൾ, ഓട് പാകിയ ഓപ്പൺ ടെറസ് എന്നിവ അടങ്ങുന്നതാണ് വീട്. ​ഗ്രൗണ്ട് മാത്രം 2,250 സ്ക്വ.ഫീറ്റ് ഉണ്ടാകും. മൂന്ന് നിലകളുള്ള വീടിന്റെ വിസ്തീർണം ആകെ ഏഴായിരത്തോളം സ്ക്വ.ഫീറ്റ് വരും.

അണ്ടർ ​ഗ്രൗണ്ടിൽ കാർ പാർക്കിംഗിന് രണ്ട് സെക്ഷനുകളുണ്ട്. ഐപിഎസ് റാങ്കിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥനായതിനാൽ വീട്ടിൽ കാവൽ നിൽക്കുന്ന പൊലീസുദ്യോ​ഗസ്ഥർക്ക് വിശ്രമിക്കാനും മറ്റുമായി പൊലീസ് മെൻ റൂമും പാർക്കിംഗിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്ത നിലയിൽ രണ്ട് കിടപ്പുമുറികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് മാത്രം ആക്സസ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഓപ്പൺ ടെറസും സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാം നിലയിൽ ഫോർമൽ ലിവിങ് ഏരിയയും ഒരു കിടപ്പുമുറിയുമാണുള്ളത്. ഇതിന് മുകളിൽ ഓട് പാകിയ ഓപ്പൺ ഏരിയയിൽ വാട്ടർ ടാങ്ക്, രണ്ട് വാട്ടർ ഏരിയകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 29 വർഷക്കാലത്തെ സേവനം കൊണ്ട് ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഇത്തരമൊരു കൊട്ടാരം നിർമാക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.