കാർ വാങ്ങിയത് ഒന്നരമാസം മുൻപ്; മരിച്ച പ്രിൻസ് നാട്ടിലെ ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യം

0
17

ചവറ (കൊല്ലം): ഓച്ചിറയിൽ വാഹനാപകടത്തിൽ മരിച്ച പ്രിൻസിന്റെയും മക്കളുടെയും വേർപാടിൽ വിതുമ്പി തേവലക്കര ഗ്രാമം. മരിച്ച പ്രിൻസ് തോമസ് (44) തേവലക്കരയിലെ ജീവകാരുണ്യ സംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.

ഏത് സാമുദായിക സംഘടനകൾ പരിപാടി നടത്തിയാലും അത് ആഘോഷമാക്കുന്നതിൽ പ്രിൻസ് എന്നും മുൻപന്തിയിലുണ്ടായിരുന്നു. കല്ലേലിഭാഗം കൈരളി ഫിനാൻസ്, മാരാരിത്തോട്ടം കൈരളി മെഡിക്കൽഷോപ്പ് എന്നിവയുടെ ഉടമയായിരുന്നു പ്രിൻസ് തോമസ്.

പ്രിൻസിന് മക്കളായ അതുൽ പ്രിൻസ് (14), അൽക്ക സാറ പ്രിൻസ് (6) എന്നിവരാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ ബിന്ധ്യ, മകൾ ഐശ്വര്യ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഒന്നരമാസം മുൻപാണ് പ്രിൻസും കുടുംബവും പുതിയ കാർ വാങ്ങിയത്. ബുധനാഴ്ച രാത്രി 10ന് ഭാര്യ സഹോദരന്റെ മകനെ അമേരിക്കയിലേക്ക് യാത്രയയ്ക്കാനായിരുന്നു കുടുംബ സമേതം നെടുമ്പാശേരി വിമാനത്തവളത്തിലേക്ക് പോയത്. മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.

മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിൽ നടക്കും. മരിച്ച അതുൽ പ്രിൻസ് കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജെഎഫ്കെഎം വിഎച്ച്എസ്എസ് 9–ാം ക്ലാസ് വിദ്യാർഥിയാണ്. അൽക്ക സാറ പ്രിൻസ് തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.