‘സാറെ, അവന്‍ ഇപ്പോഴും കോമയില്‍ കിടക്കുകയാണ്’; മനുഷ്യത്വമില്ലാതെ കൈക്കൂലി; കുടുങ്ങി

0
7

കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐ. അറസ്റ്റിലായത്. കൊച്ചി മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഗോപകുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് എസ്.ഐ. കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് സ്റ്റേഷനിൽവെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

വൈറ്റില ഹബ്ബിനു സമീപത്ത് കഴിഞ്ഞ മാസം നടന്ന അപകടക്കേസിലെ വാഹനം വിട്ടുനൽകുന്നതിനായിരുന്നു കൈക്കൂലി വാങ്ങിയത്. ഓഗസ്റ്റ് 25-നാണ് സംഭവങ്ങളുടെ തുടക്കം. എറണാകുളം പള്ളിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിൻഡറുകൾ കയറ്റിയ ലോറി, ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ചിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ കോമയിലാണ്.

സംഭവത്തിൽ മരട് പോലീസ് കേസെടുത്തിരുന്നു. ഗ്രേഡ് സബ് ഇൻസ്പെക്ടറായ ഗോപകുമാർ വാഹന ഉടമയോട് ലോറി വിട്ടുനൽകാൻ സ്റ്റേഷനിൽ എത്തണമെന്ന് ഫോൺ വിളിച്ചുപറഞ്ഞു. ഓഗസ്റ്റ് 27-ന് സ്റ്റേഷനിൽ എത്തിയപ്പോൾ 10,000 രൂപ തന്നാലേ വാഹനം വിട്ടുനൽകൂ എന്ന് ഗോപകുമാർ പറഞ്ഞു. ഡ്രൈവർ ആശുപത്രിയിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഉടമ പറഞ്ഞെങ്കിലും ഗോപകുമാർ വഴങ്ങിയില്ല.

തിങ്കളാഴ്ച വീണ്ടും സ്റ്റേഷനിൽ എത്തിയപ്പോൾ ഏറ്റവും കുറഞ്ഞ തുകയാണ് പറഞ്ഞതെന്നും ഇതിൽനിന്നു കുറയ്ക്കാനാവില്ലെന്നും ഉടമയോട് പറഞ്ഞു. ചൊവ്വാഴ്ച സ്റ്റേഷനിൽ വന്ന് 10,000 രൂപ നൽകണമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഉടമ ഈ വിവരം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

തുടർന്ന് വിജിലൻസ് സംഘം കൈമാറിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്റ്റേഷനിലെത്തി. ഇദ്ദേഹം എസ്.ഐ. ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം എസ്.ഐ.യെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു