Saturday, 21 September - 2024

കുട്ടിയുടെ ദേഹത്ത് സൂചി തുളച്ച് കയറിയ സംഭവം: ആശുപത്രിയിൽ കൂട്ടനടപടി

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ച് കയറിയ സംഭവത്തിൽ കൂട്ട നടപടി. അന്നേദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഒമ്പത് ജീവനക്കാരെ സ്ഥലം മാറ്റി. ഏഴ് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 എന്നിവർക്കെതിരെയാണ് നടപടി.

കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ ദേഹത്ത് ഉപയോഗിച്ച സിറിഞ്ച് കുത്തിക്കയറിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. കുട്ടിക്ക് അടുത്ത 12 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും എച്ച്ഐവി പരിശോധന നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. പനി ബാധിച്ച് ചികിത്സ തേടിയെത്തിയപ്പോഴാണ് ഒരു മാസം മുമ്പ് കുട്ടിയുടെ ദേഹത്ത് സിറിഞ്ച് സൂചി കുത്തിക്കയറിയത്.

ജൂലൈ 19നാണ് പനിയെ തുടര്‍ന്ന് കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഒപ്പം ഏഴ് വയസുകാരന്‍ കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുടയ്ക്ക് മുകളില്‍ തുളച്ച് കയറിയത്. മറ്റ് രോഗികള്‍ക്ക് കുത്തിവെച്ച സൂചിയാണ് കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയത്. അതുകൊണ്ട് തന്നെ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അവിടെ വെച്ചു എച്ച്‌വണ്‍ എന്‍വണ്‍, ഡെങ്കിപ്പനി തുടങ്ങിയ പരിശോധനകളും നടത്തി. മെഡിക്കല്‍ കോളേജില്‍ എച്ച്‌ഐവി പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ലാബുകളിലാണ് പരിശോധനകള്‍ നടത്തിയതെന്നും ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചെലവായെന്നും കൂട്ടിയുടെ മതാപിതാക്കള്‍ പറയുന്നു. 14 വര്‍ഷം എച്ച്ഐവി അടക്കമുള്ള പരിശോധനകള്‍ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്.

Most Popular

error: