കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ പീഡന പരാതിയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. സിദ്ദിഖിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ് നല്‍കും.
പ്രത്യേക ഉദ്യോഗസ്ഥന്‍ വഴി കൊച്ചിയിലെത്തിയാകും നോട്ടീസ് നല്‍കുക. കോടതിയില്‍ രേഖപ്പെടുത്തിയ യുവനടിയുടെ രഹസ്യമൊഴി ലഭിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
തനിക്കെതിരെയുള്ള പരാതിയിലെ എഫ്‌ഐആറിന്റെ പകര്‍പ്പ് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അഭിഭാഷകന്‍ വഴിയാണ് പകര്‍പ്പ് തേടിയുള്ള അപേക്ഷ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ട്. മസ്‌ക്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദീഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.





