Tuesday, 10 September - 2024

കോഴിക്കോട്ട് ഉറങ്ങിക്കിടന്ന 24കാരനെ പിതാവ് കുത്തിക്കൊന്നു

കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെറിയൻ ആണ് മകൻ ക്രിസ്റ്റിയെ ( 24 ) കുത്തികൊന്നത്. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് ജോൺ എന്നും ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപിച്ച് ബന്ധുവീടുകളിൽ പോയി ജോൺ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഒരു ബന്ധുവീട്ടിൽ പോയി പ്രശ്‌നമുണ്ടാക്കി. തുടർന്ന് സഹോദരനോടൊപ്പം ചേർന്നാണ് ഇയാളെ തിരികെ വീട്ടിൽ കൊണ്ടുവന്നത്.

പിന്നീട് വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു അച്ഛൻ മകനെ കൊലപ്പെടുത്തിയത്. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോണിനെ തിരുവമ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

Most Popular

error: