തിരുവനന്തപുരം: ലൈംഗികപീഡന കേസ് നേരിടുന്ന എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെ സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങള്‍ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യമില്ല. എന്നാല്‍ പൊതുരാഷ്ട്രീയ സ്ഥിതി അവലോകനത്തിന്റെ ഭാഗമായി രാജി സമ്മർദ്ദം ചര്‍ച്ചക്ക് വരാനിടയുണ്ട്.
കൊല്ലത്ത് നിന്നുളള നേതാക്കളുടെ അഭിപ്രായം കേള്‍ക്കണമെന്ന് ഇന്നലത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധാരണയുമുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജി വയ്‌ക്കേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. ബ്‌ളാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന മുകേഷിന്റെ വിശദീകരണം സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും പാര്‍ട്ടിക്ക് മുന്നിലുണ്ട്.
കോടതി ഇടപെടലിലൂടെ എഫ്ഐആര്‍ തന്നെ ഇല്ലാതാകാനുളള സാധ്യതയും സിപിഐഎം കാണുന്നുണ്ട്. സംസ്ഥാന സമിതിയിലെ ചര്‍ച്ച എതിരായാല്‍ മാത്രമേ മറിച്ചൊരു തീരുമാനത്തിന് സാധ്യതയുളളു. സിനിമാ നയ രൂപീകരണസമിതി പുന:സംഘടനയുടെ തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാകാനിടയുണ്ട്. എം മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ചക്കെടുത്തില്ല.