മുംബൈ: നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത തൊഴിലാളി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലെ ജവ്ഹറിൽ ബുധനാഴ്ചയാണ് സംഭവം. 19കാരനായ യുവാവാണ് അറസ്റ്റിലായത്.
കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശിയും മുത്തച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രദേശത്ത് കേബിൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പീഡനവിവരം കുട്ടി പിറ്റേദിവസം അമ്മയോടു പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 64 (ബലാത്സംഗം) ഉൾപ്പെടെയുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സംഘടനകളുടേയും പ്രവർത്തകർ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.