മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ: ജഡ്ജി സിപിഎം നേതാവിന്റെ മകൾ, മാറ്റണമെന്ന്, റജിസ്ട്രാർക്ക് പരാതി നൽകി അനിൽ അക്കര
കൊച്ചി: മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണ. സർക്കാരിൽ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതലൊന്നും പറയുന്നില്ല, നടി കൂട്ടിച്ചേർത്തു.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നട നൽകിയിരുന്ന കേസുകളിൽ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയാണ് ഇന്ന് മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത്.
മരടിൽവെച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് മുകേഷിനെതിരായ നടിയുടെ ആരോപണം. അതിനാൽ മരട് പോലീസാണ് മുകേഷിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലെ അന്വേഷണച്ചുമതലയുള്ള ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നി ഇന്ന് പരാതിക്കാരിയിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കേസിൽ മുകേഷ് ഇതിനകം മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ ചൊവ്വാഴ്ചവരെ കോടതി അറസ്റ്റ് തടയുകയും ചെയ്തു.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസുകളിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര. ഹൈക്കോടതി റജിസ്ട്രാർക്കാണ് അനിൽ പരാതി നൽകിയത്.
രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉണ്ടാക്കാൻ കാരണക്കാരനായതിന് അനിൽ അക്കരയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ്ങും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകി.
ജഡ്ജി ഹണി എം.വർഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻപു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് അനിൽ അക്കരയുടെ പരാതി. മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഹണിയാണ്. ഈ സാഹചര്യത്തിൽ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും നീതിപൂർവമാകില്ല എന്ന് അനിൽ അക്കര പറയുന്നു. ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് അനിലിന്റെ ആവശ്യം.
എന്നാൽ മജിസ്ട്രേറ്റ്, മുൻസിഫ്, ജഡ്ജിമാർ എന്നിവരുടെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണെന്ന് തന്റെ പരാതിയിൽ കുളത്തൂർ ജയ്സിങ് വാദിക്കുന്നു. അതുകൊണ്ട് അവർ സ്വാധീനങ്ങൾക്ക് വഴങ്ങിയേക്കാം എന്ന ധാരണയിൽ ജഡ്ജിമാർക്ക് നേരെ ആരോപണം ഉന്നയിച്ച് പ്രചാരണം നടത്തുന്നത് തടഞ്ഞില്ലെങ്കിൽ കോടതികളിൽനിന്ന് നീതി ലഭിക്കില്ലെന്ന സംശയവും ആശങ്കയും സൃഷ്ടിക്കുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ ജഡ്ജിമാർക്കെതിരെ സംശയത്തിന്റെ ഭാഗമായുള്ള ആരോപണം ഉന്നയിക്കുന്നതും പ്രചാരണ വിഷയമാക്കുന്നതും അടിയന്തരമായി തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച സെഷൻസ് കോടതി 5 ദിവസത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. സെപ്റ്റംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാനിരിക്കെയാണ് പുതിയ വിവാദം. ഇന്ന് എറണാകുളം പുത്തൻകുരിശിലെ വടവക്കോട് എത്തി മുകേഷ് അഭിഭാഷകനെ കണ്ടിരുന്നു. തന്റെ ഭാഗം ന്യായീകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ മുകേഷ് കൈമാറി എന്നാണ് റിപ്പോർട്ടുകള്‍.





