ലഖ്നൗ: തന്നെ ബലാത്സംഗം ചെയ്തയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പൊതുമധ്യത്തിൽ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി. പരാതി നൽകി ഇരുപത് ദിവസത്തോളമായിട്ടും യുപി പൊലീസ് പ്രതിയെ പിടികൂടാതിരിക്കുകയും അന്വേഷണത്തിൽ പുരോഗതിയില്ലാതിരിക്കുകയും ചെയ്തതിൽ മനംനൊന്താണ് യുവതിയുടെ പ്രവൃത്തി. ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബലാത്സംഗത്തിനും തുടർന്നുള്ള സംഭവങ്ങൾക്കും പിന്നാലെ മാനസിക പ്രയാസങ്ങൾ നേരിടുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് വിദ്യാർത്ഥിയായ 22കാരനാണ് പ്രതി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് ഇയാള്‍.
ഓഗസ്റ്റ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓടുന്ന കാറിൽ വെച്ച് പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഓഗസ്റ്റ് പതിനൊന്നിന് വിഷയത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതി ജമ്മുവിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് വൈകിപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുവതി വസ്ത്രം പൊതുമധ്യത്തിൽ അഴിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി നഗ്നയായി നിൽക്കുന്ന പെൺകുട്ടിയെ, രണ്ട് സ്ത്രീകൾ ഷാൾ കൊണ്ട് പുതപ്പിച്ച് അവിടെ നിന്ന് നീക്കുകയായിരുന്നു.