മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആനടിക്കാപ്പിൽ- സൂചിപ്പാറ മേഖലയിലാണ് തിരച്ചിൽ നടത്തിയത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്.
അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസർ കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങൾക്കും താമസിക്കാനിടമായി.
സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മാറിതാമസിച്ചത്.