കൊച്ചി: പ്രതിശ്രുതവധുവിനെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ കേസ്. പൂണിത്തുറ സ്വദേശി അരുണിനെതിരെയാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ വൈറ്റില ജനതാ റോഡിലായിരുന്നു സംഭവം. യുവതിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതിയായ അരുണും യുവതിയും തമ്മിലുളള വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. അരുണിന്റെ അനുവാദമില്ലാതെ യുവതി കൂട്ടുകാരുമായി പുറത്തുപോയതും വൈകി വന്നതും സംബന്ധിച്ചാണ് തർക്കം ആരംഭിച്ചത്. തർക്കം പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ അരുൺ യുവതിയെ പിന്തുടരുന്നതും ക്രൂരമായി മർദ്ദിക്കുന്നതും യുവതി നിലവിളിക്കുന്നതുമെല്ലാം വ്യക്തമാണ്. പ്രതിക്കൊപ്പം വേറെ നാലുപേരും ഉണ്ടായിരുന്നു. നിലവിൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ല.