Thursday, 19 September - 2024

മൃതദേഹങ്ങൾ നിറഞ്ഞ് അൽ തബീൻ സ്കൂൾ; ശരീരഭാഗങ്ങൾ ചിന്നിച്ചിതറി

ഗസ്സ സിറ്റിയിൽ അഭയാർഥികൾ താമസിക്കുന്ന അൽ തബീൻ സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 100​ലേറെ പേരാണ് കൊല്ലപ്പെട്ടത്. സമാധാന ചർച്ചകൾ അട്ടിമറിക്കുകയാണ് ഇസ്രായേൽ ഇത്തരം ക്രൂര​കൃത്യങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ലോകരാജ്യങ്ങൾ വിമർശിച്ചു.

അതിഭയാനകമായ കാഴ്ചകൾക്കാണ് അൽ തബീൻ സ്കൂൾ ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയായിരുന്നു ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളില്‍ പതിച്ചത്. സ്കൂൾ പരിസരം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസിന്റെ വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു.

മൃതദേഹങ്ങൾ തിരിച്ചറിയുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു കൈ ഇവിടെയാണെങ്കിൽ കാല് മറ്റൊരിടത്താണ്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയിരിക്കുന്നു. ഈ ഭയാനകമായ ദൃശ്യങ്ങൾക്ക് മുന്നിൽ ആരോഗ്യ സംഘങ്ങൾ നിസ്സഹായരാണെന്നും മഹ്മൂദ് ബാസൽ പറഞ്ഞു.

അഭയാർഥികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് സ്കൂളിൽ താമസിച്ചിരുന്നത്. എന്നാൽ, ഹമാസ് പ്രവർത്തകരും കമാൻഡർമാരും ഒളിവിൽ കഴിഞ്ഞിരുന്ന കമാൻഡിങ് സെന്ററാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം വാദിക്കുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട മരണസംഖ്യ പെരുപ്പിച്ചുകാണിക്കുന്നതാണെന്നും സാധാരണക്കാരുടെ നാശനഷ്ടം കുറയ്ക്കാൻ നടപടി സ്വീകരിച്ചിരിന്നുവെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം.

എന്നാൽ, ഇതിനെതിരെ ഹമാസ് രംഗത്തുവന്നു. സായുധരായ ഒരാളും സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ഇസ്സത് അൽ റിഷ്ഖ് പറഞ്ഞു. അൽ താബിൻ സ്കൂളിലെ കൂട്ടക്കൊല ഭയാനകരമായ കുറ്റകൃത്യമാണ്. ഇത് സംഘർഷങ്ങളെ വർധിപ്പിക്കും.

ഹമാസിന്റെ കമാൻഡിങ് സെന്ററാ​ണെന്ന അവകാശവാദം സാധാരണക്കാരെയും സ്കൂളുകളെയും ആശുപത്രികളെയും അഭയാർഥി ക്യാമ്പുകളെയും ആക്രമിക്കാനുള്ള ഇ​സ്രായേലിന്റെ ഒഴിവുകഴിവുകൾ മാത്രമാണ്. നിരായുധരായ ജനങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ ഈ കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ അറബ്, ഇസ്‍ലാമിക് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും മുന്നിട്ടിറങ്ങണമെന്നും ഇസ്സത് അൽ റിഷ്ഖ് ആവശ്യപ്പെട്ടു.

അൽ തബീൻ സ്കൂളിലെ കൂട്ടക്കൊലക്കെതിരെ ഇറാനും രംഗത്തുവന്നു. വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടുത്തി യുദ്ധം തുടരുകയാണ് ഇസ്രായേൽ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ ദൗർബല്യമാണ് നിരായുധരായ ജനങ്ങളെ കൊലപ്പെടുത്തി ഇസ്രായേൽ കാണിക്കുന്നതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തലിനായി അന്താരാഷ്ട്ര സമ്മർദ്ദമുണ്ടാകുമ്പോഴെല്ലാം ഇസ്രായേൽ ഇത്തരത്തിലുള്ള കൂട്ടക്കൊലകൾ ആവർത്തിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയങ്ങ​ളോടുള്ള ലംഘനമാണെന്നും ഈജിപ്ത് കുറ്റപ്പെടുത്തി.

ഇസ്രായേലിന്റെ ഈ ആക്രമണം എല്ലാവിധ മാനുഷിക മൂല്യങ്ങൾക്കും എതിരാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സമാധാന ശ്രമങ്ങളെ തടയാനും യുദ്ധം നീട്ടിക്കൊണ്ടുപോകാനുമുള്ള ഇസ്രായേലിന്റെ ​ശ്രമങ്ങളുടെ ഭാഗമാണിത്. ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങളെ തടയാനുള്ള അന്താരാഷ്ട്ര നിലപാടിന്റെ അഭാവം ഗസ്സയിൽ വലിയ കൂട്ടക്കൊലകൾക്കും മനുഷ്യവിപത്തിനും കാരണമാകുന്നതായും ജോർദാൻ കുറ്റപ്പെടുത്തി.

പത്ത് മാസമായി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ കൂട്ടക്കൊലകളുടെയും വംശഹത്യാ കുറ്റങ്ങളുടെയും വിപുലീകരണത്തിനാണ് ശനിയാഴ്ച സാക്ഷ്യം വഹിച്ചതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപ്പറേഷൻ വ്യക്തമാക്കി. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കാനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിൽ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.

സ്കൂളുകളിൽ നടക്കുന്ന കൂട്ടക്കൊലകൾക്ക് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് യൂറോപ്യൻ യൂനിയന്റെ വിദേശനയ മേധാവി ജോസഫ് ബോറൽ പറഞ്ഞു. ആക്രമണത്തിന്റെ ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഒരാഴ്ചക്കിടെ പത്ത് സ്കൂളുകളാണ് ഇസ്രായേൽ ആക്രമിച്ചതെന്നും ഇതൊരിക്കലും ന്യായീകരിക്കാനാവില്ലെന്നും ജോസഫ് ബോറൽ കൂട്ടിച്ചേർത്തു.

Most Popular

error: