ബഗ്ദാദ്: അമേരിക്കക്കാരിയായ പ്രമുഖ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയെ ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി വിവരം. ഷെല്ലി കിറ്റില്സണ് എന്ന മാധ്യമപ്രവര്‍ത്തകയെയാണ് തട്ടിക്കൊണ്ടുപോയത്.
ഇന്നലെ വൈകിട്ടാണ് സംഭവം. തിരക്കേറിയ റോഡില്‍ വെച്ച് ആയുധധാരികളായ സംഘം ഷെല്ലിയുടെ കാര്‍ തടഞ്ഞുനിര്‍ത്തുകയും ബലമായി പുറത്തിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി ക്കൊണ്ടുപോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അല്‍ അറേബ്യ ചാനല്‍ പുറത്തുവിട്ടു.
തട്ടിക്കൊണ്ടുപോയവരെ സുരക്ഷാ സേന പിന്തുടരുന്നതിനിടെ പ്രതികളുടെ സംഘത്തിലെ ഒരു വാഹനം മറിഞ്ഞു. ഇതിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് കാറുകളിലായാണ് അക്രമിസംഘം എത്തിയത്. ഇതില്‍ ഷെല്ലിയെ കയറ്റിയ കാര്‍ ബഗ്ദാദിന്റെ തെക്കന്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞതായാണ് സൂചന. ഷെല്ലിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഇവര്‍ക്ക് ഷെല്ലി കിറ്റില്സണ് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.





