റിയാദ്: നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിന്റെ മരണം പ്രവാസ ലോകത്ത് നൊമ്പരമായി. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലപ്പുറം തിരൂർ കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് മരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചൊവ്വാഴ്ച രാത്രി റിയാദ് – കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പോകാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി ഉറങ്ങാൻ കിടന്നതായിരുന്നു റഫീഖ്. കൂട്ടുകാരോടൊപ്പം ചേർന്ന് പെട്ടി കെട്ടി ലഗേജിന്റെ തൂക്കം വരെ ശരിയാക്കി വെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ കൂട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് റഫീഖിനെ കിടക്കയിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
അഞ്ച് വർഷം മുമ്പ് അവധി കഴിഞ്ഞെത്തിയ റഫീഖിന്റെ നാട്ടിലേക്കുള്ള യാത്ര വിവിധ കാരണങ്ങൾ കൊണ്ട് വൈകുകയായിരുന്നു. അടുത്ത കാലത്താണ് വീട് പണി ഏറെക്കുറെ പൂർത്തീകരിച്ചത്.
നാട്ടിലെത്തി പുതിയ വിസയിൽ സൗദിയിലേക്ക് തിരികെ വരാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. വീട്ടിൽ അറിയിക്കാതെ പോയി അഞ്ചു വർഷത്തിനു ശേഷം ഭാര്യക്കും മക്കൾക്കും ഉമ്മാക്കുമെല്ലാം സർപ്രൈസ് നല്കാനായിരുന്നു റഫീഖിന്റെ പ്ലാനെന്ന് സുഹൃത്തുക്കൾ പറയുന്നു. അഞ്ചു വർഷത്തിനു ശേഷമുള്ള യാത്രയായതിനാൽ പ്രിയപ്പെട്ടവർക്കുള്ള സ്നേഹസമ്മാനങ്ങളെല്ലാം നേരത്തെ വാങ്ങി കരുതിയിരുന്നു.
അഞ്ചാണ്ടുകൾക്ക് ശേഷം നാട്ടിലേക്ക് പറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഉറങ്ങാൻ കിടന്ന് അന്ത്യ യാത്രയായ റഫീഖിന്റെ വേർപ്പാട് പ്രവാസ ലോകത്തെ ആകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. പിതാവ്: പരേതനായ കാവുങ്ങൽ മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: മുംതാസ്. മക്കൾ: റിഷ,സഹ്റാൻ,ദർവീഷ് ഖാൻ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക