മലവെള്ളം കുത്തിയൊലിച്ചുവന്നപ്പോള്‍ അവര്‍ അനുഭവിച്ച അതേ നിസഹായതയാണ് ഇന്ന് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് ബാക്കിയായവരും അനുഭവിക്കുന്നത്. കൂടെ ജീവിച്ചവരെയോ അയല്‍ക്കാരെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അങ്ങനെ ഒരു പരിചിതമുഖവും തിരിച്ചറിയാനാകാത്ത നിസഹായത.
മരിച്ചവരില്‍ മൃതദേഹം എന്ന രൂപത്തില്‍ കിട്ടിയത് ചുരുങ്ങിയ എണ്ണം മാത്രം. ബാക്കിയൊക്കെ ശരീരഭാഗങ്ങളാണ്. തലയില്ലാത്തതും ദേഹമില്ലാത്തതും കൈകാലുകള്‍ മാത്രവും അവയവങ്ങള്‍ മാത്രവും അങ്ങനെ ഒരു മനുഷ്യായുസില്‍ ആരും കാണാനാഗ്രഹിക്കാത്ത ചില കാഴ്ചകള്‍ ആണ് ഇന്നുള്ളത്.
കല്ലറയില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്തിയാണ് സംസ്കാരം നടത്തുക. പക്ഷേ ഈ ദുരന്തത്തിന്റെ അവശേഷിപ്പില്‍ പേരും അഡ്രസുമെല്ലാം വെറും നമ്പറുകള്‍ മാത്രം. ഡിഎന്‍എ സാംപിൾ ശേഖരിക്കുന്നതിനൊപ്പം കല്ലറയില്‍ ഒരു നമ്പര്‍ കൂടി രേഖപ്പെടുത്തും. അതൊരു മേല്‍വിലാസത്തിലേക്ക് മാറാന്‍ പരിശോധനാഫലം വരണം. അതുവരെ നമ്പറുകള്‍ ഓരോ കല്ലിലും രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഭൂമി കണ്ടെത്തിയത്.
സര്‍വമത പ്രാര്‍ത്ഥനകളോടെയാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് സംസ്കാരം നടത്തുന്നത്. ഇന്നലെ 8 പേരെയാണ് സംസ്കരിച്ചത്. ബാക്കിയുള്ളവരുടെ സംസ്കാരം ഇന്ന് നടക്കും. തിരിച്ചറിയാത്ത ശരീരഭാഗങ്ങളില്‍ നിന്നും ഡിഎന്‍എ സാംപിൾ എടുത്ത ശേഷമാണ് സംസ്കാരം നടത്തുക. പുത്തുമല താഴ്വാരത്തിലാണ് അന്ത്യവിശ്രമത്തിന് ഇടമൊരുക്കിയത്. അന്നത്തെ ദുരന്തത്തിലെ അഞ്ച് പേരും ഇവിടെയാണ് അന്ത്യവിശ്രമം കൊളളുന്നത്.
അതേസമയം ദുരന്തത്തിനു ശേഷം കല്ലറയില്‍ കാണുന്ന കാഴ്ചകളും നൊമ്പരപ്പെടുത്തുന്നത് മാത്രമാണ്. മൃതദേഹങ്ങള്‍ സംസ്കരിക്കാനായി പുത്തുമലയുടെ താഴ്വാരത്തില്‍ നിര്‍മിക്കുന്ന കല്ലറക്കുഴികള്‍ക്ക് സമീപത്തുനിന്നും മാറാതെ നില്‍ക്കുന്ന ഒരു നായയാണ് കാണുന്നവരെ വീണ്ടും ദുഖത്തിലാഴ്ത്തുന്നത്.
അവന്റെ യജമാനന്റെ കയ്യോ കാലോ ശരീരമോ അവന്‍ തിരിച്ചറിഞ്ഞുകാണും. അതാവും ഒരുനിമിഷം പോലും കല്ലറയ്ക്കടുത്തുനിന്നും അവന്‍ മാറാത്തതിന്റെ കാരണം. ആ ഇരിപ്പിലും ഇന്ന് മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ നിസഹായതയും തളം കെട്ടിക്കിടപ്പുണ്ട്. ഇനി ഒരു തിരിച്ചുവരവ് തന്റെ പ്രിയപ്പെട്ടവര്‍ക്കില്ലെന്ന് അവനറിയുന്നുണ്ടാവും.