വയോധികനെ പ്രലോഭിപ്പിച്ച് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച മൂന്ന് യുവതികള്‍ പൊലീസിന്റെ പിടിയിലായി. പൂണെയില്‍ ജൂലൈ 29നാണു സംഭവം . കഴിഞ്ഞ ശനിയാഴ്ച 64കാരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വയോധികനുമായി മൂന്ന് യുവതികളിലൊരാള്‍ സൗഹൃദം സ്ഥാപിച്ച ശേഷം ലോഡ്ജിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോഡ്ജ് മുറിയില്‍ സംസാരിച്ചിരിക്കുന്ന നേരത്താണ് യുവതിയുടെ രണ്ട് കൂട്ടുകാരികള്‍ കൂടി മുറിയിലേക്ക് കയറിവന്നത്. ഇവര്‍ക്കു പിന്നാലെ സഹായിയായി മറ്റൊരാള്‍ കൂടി വന്നു.
ഇതോടെ തന്നെ കെണിയില്‍പ്പെടുത്തിയതാണെന്ന് ബോധ്യപ്പെട്ടെങ്കിലും വയോധികന് രക്ഷപ്പെടാന്‍ സാധിച്ചില്ല.
മുറിയിലേക്ക് പ്രവേശിച്ചയുടന്‍ ഇവര്‍ വയോധികനെ ശാരീരികമായും ഉപദ്രവിക്കാനാരംഭിച്ചു. ലോഡ്ജിലെത്തിയ സംഭവങ്ങളുള്‍പ്പെടെ പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി കാറിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു.
ശേഷം യാത്രയില്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും അയാളുടെ സ്വര്‍ണമോതിരം വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനാവശ്യപ്പെട്ടും ഉപദ്രവം ആരംഭിച്ചു. പിന്നീട് ഇയാള്‍ സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കി.
വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടറായ കാശിനാഥിന്റെ സഹായത്തോടെയാണ് വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ യുവതികള്‍ ശ്രമിച്ചത്. യുവതികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ അംഗമാണ് കാശിനാഥ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.