Saturday, 21 September - 2024

യാത്രക്കാരിയുടെ തലമുടിയില്‍ പേന്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരിയുടെ തലമുടിയിലൂടെ പേന്‍ ഇഴയുന്നത് കണ്ടെതിനെത്തുടര്‍ന്ന് അമേരിക്കന്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലൊസാഞ്ചലസില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ് 2201 വിമാനമാണ് അടിയന്തരമായി ഫീനിക്സില്‍ ഇറങ്ങിയത്. ഏതന്‍ ജുഡല്‍സന്‍ എന്ന യാത്രക്കാരനാണ് വിമാനത്തിലുണ്ടായ അനുഭവം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.

സംഭവത്തെത്തുടര്‍ന്ന് അധികൃതര്‍ കൃത്യമായി യാത്രക്കാരോട് കാര്യങ്ങള്‍ അറിയിക്കാത്തത് യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചതെന്നും ഇയാള്‍ പറയുന്നു. ന്യൂയോര്‍ക്കിലേക്ക് പോവേണ്ട വിമാനമാണ് യാത്രക്കാരിയുടെ തലയില്‍ പേന്‍ കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്.

സഹയാത്രക്കാരായ രണ്ടുപേരാണ് യുവതിയുടെ തലമുടിയിലൂടെ പേന്‍ ഇഴയുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. വിമാനം നിലത്തിറക്കുന്ന സമയത്ത് ഇനി 12 മണിക്കൂര്‍ വൈകുമെന്നും താമസസൗകര്യം നല്‍കുമെന്നും ക്രൂ അറിയിക്കുകയായിരുന്നു.

യാത്രക്കാര്‍ക്ക് താമസസൗകര്യത്തെക്കുറിച്ച് ലഭിച്ച ഇമെയില്‍ സന്ദേശം കണ്ടപ്പോഴാണ് ഇവരില്‍ പലരും സംഭവം അറിയുന്നത്. അപ്പോഴും കാരണമെന്തെന്ന് അവ്യക്തമായിരുന്നു. ഒരു യാത്രക്കാരിക്ക് അടിയന്തര ചികിത്സ വേണ്ടിവന്നതുകൊണ്ടാണ് വിമാനം നിലത്തിറക്കുന്നതെന്ന് പിന്നീട് സന്ദേശം ലഭിച്ചു. അതിനിടെ യാത്രക്കാര്‍ക്കിടെയില്‍ വന്ന സംസാരത്തിലൂടെയാണ് ഒരു പേന്‍ ആണ് വിമാനത്തെ താഴെയിറക്കിയതെന്ന് വ്യക്തമായത്.

Most Popular

error: