ഗാസിയാബാദിൽ വിമാനമിറങ്ങി ഷെയ്ഖ് ഹസീന, സ്വീകരിച്ച് ഇന്ത്യൻ വ്യോമസേന, കൂടിക്കാഴ്ച നടത്തി ഡോവൽ, മോദിയെ കണ്ട് ജയശങ്കർ, ഡൽഹിയിൽ നിർണായക യോഗം
ചരിത്രം ചിലപ്പോൾ ഇങ്ങനെയാണ്, ഒരു നാൾ ഉരുക്കു മുഷ്ടി പോലെ ശക്തനെങ്കിൽ ചിലപ്പോൾ ഏറ്റവും ദുർബലനാകും. പല ചരിത്രങ്ങളും സമാനമായി ലോകത്തിനു മുന്നിൽ ഉണ്ട്. ആ ചരിത്രത്തിലേക്കാണ് ഉരുക്കു വനിതയെന്ന് പോലും പേര് ചാർത്തപ്പെട്ട ഷൈഖ് ഹസീനയും ചേർത്ത് വെക്കപ്പെടുന്നത്. ഒരിക്കൽ ബംഗ്ലദേശിനെ സൈനിക ഭരണത്തിൽനിന്നു രക്ഷിക്കാൻ സഹായിച്ച ഹസീന സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണ്. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായ ഹസീന, വീണ്ടും അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിലാണ് ഇന്ത്യയിലെത്തിയത്. സംവരണ–സർക്കാർ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയുടെ നിസ്സഹകരണ സമരം കൊടുമ്പിരി കൊണ്ടതോടെയാണു ഹസീനയ്ക്കു നിൽക്കക്കള്ളി ഇല്ലാതായത്. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. വിദ്യാർഥികളല്ല, ഭീകരരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും ഹസീന പ്രഖ്യാപിച്ചു. പിന്നാലെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി. ഇതോടെ രാജ്യമാകെ കലാപം ആളിപ്പടർന്നു. ഹസീനയ്ക്കു രാജ്യം വിടേണ്ടിയും വന്നു.
ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു ഹസീന. അഴിമതിക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ശേഷം രാജ്യഭരണത്തിന്റെ തലപ്പത്തെത്തിയ നേതാവ്. പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച, ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിത. എതിരാളികളെ അടിച്ചമർത്തുന്ന നേതാവെന്നു വിമർശനമുള്ള ഹസീനയ്ക്ക് അണികളുടെ വിശേഷണം ‘മനുഷ്യത്വത്തിന്റെ മാതാവ്’ എന്നാണ്. 17 കോടി ജനങ്ങളുള്ള ബംഗ്ലദേശിനെ അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റി. പക്ഷേ ഏഷ്യയിലെ ഉരുക്കുവനിതയ്ക്ക് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 76 വയസ്സുള്ള ഷെയ്ഖ് ഹസീനയുടെ ജീവിതം ബംഗ്ലദേശിന്റെ കഥ കൂടിയാണ്.
• അഭയം നൽകിയ ഇന്ദിര
ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളായി 1947 സെപ്റ്റംബര്‍ 28ന് കിഴക്കന്‍ ബംഗാളിലാണ് (ഇന്നത്തെ ബംഗ്ലദേശ്) ഹസീനയുടെ ജനനം. ഈഡന്‍ കോളജിലെ സ്റ്റുഡന്റ്‌സ് യൂണിയൻ വൈസ് പ്രസിഡന്റായിരുന്ന ഹസീന പഠനകാലത്തുതന്നെ സ്റ്റുഡന്റ്‌സ് ലീഗില്‍ സജീവമായിരുന്നു. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ആണവ ശാസ്ത്രജ്ഞൻ എം.എ.വാസെദ് മിയയെ 1967ല്‍ വിവാഹം കഴിച്ചു.
ബംഗ്ലദേശിൽ അട്ടിമറി നടന്ന 1975 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി മുജീബുര്‍ റഹ്‌മാൻ കൊല്ലപ്പെട്ടു. മുജീബിന്റെ ഭാര്യയ്ക്കും മൂന്നു ആൺമക്കൾക്കും ജീവൻ നഷ്ടമായി. പെൺമക്കളായ ഹസീനയും അനുജത്തി രഹാനയും സ്‌ഥലത്തില്ലാത്തതിനാൽ മാത്രം രക്ഷപ്പെട്ടു. രഹാനയോടാപ്പം ഹസീന അപ്പോൾ ജർമനിയിലേക്കു പോയിരിക്കുകയായിരുന്നു. മുജീബിന്റെ ഉറ്റസഹപ്രവർത്തകരും മന്ത്രിമാരുമായിരുന്ന താജുദ്ദീൻ അഹമദ്, മൻസൂർ അലി, സയ്യിദ് നസ്‌റുൽ ഇസ്‌ലാം, എ.എച്ച്.എം. കമറുസ്സമാൻ എന്നിവരെ കലാപകാരികൾ അറസ്‌റ്റ് ചെയ്‌തു ജയിലിലാക്കി. രണ്ടര മാസത്തിനു ശേഷം ജയിലിൽ അവരും കൊല്ലപ്പെട്ടു.
വിശ്വസിച്ച ചിലർ തന്നെയാണ് അദ്ദേഹത്തെ ചതിച്ചത്. മന്ത്രിയായിരുന്ന ഖണ്ടാക്കർ മുഷ്‌താഖ് അഹമ്മദിനെ കലാപകാരികൾ പ്രസിഡന്റാക്കി. കൊലയാളികളെ കുറ്റവിമുക്‌തരാക്കി അദ്ദേഹം ഉത്തരവിട്ടു. പക്ഷേ, വീണ്ടുമുണ്ടായ പട്ടാളവിപ്ലവങ്ങളുടെ തുടക്കത്തിൽ ഖണ്ടാക്കറും പുറത്തായി. പുതിയ പട്ടാളത്തലവൻ സിയാവുര്‍ റഹ്‌മാൻ അധികാരത്തിലെത്തി. ഹസീനയും രഹനയും പശ്ചിമ ജര്‍മനിയിലെ ബംഗ്ലദേശ് അംബാസഡറുടെ വീട്ടിലാണ് രക്ഷ തേടിയെത്തിയത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവർക്കു രാഷ്ട്രീയ അഭയം നൽകി. സൈനിക ഭരണകൂടം ഹസീനയെ വിലക്കിയതോടെ 6 വര്‍ഷത്തോളം ഡല്‍ഹിയിൽ പ്രവാസജീവിതം.
1981ല്‍ സിയാഉർ റഹ്‌മാനും കൊല്ലപ്പെട്ടു. ആ വര്‍ഷം അവാമി ലീഗിന്റെ പ്രസിഡന്റായ ഹസീന ഇന്ത്യയിൽനിന്നു ബംഗ്ലദേശിലേക്കു മടങ്ങി. സൈനികനിയമം ചുമത്തി 1984ലും 1985ലും മാസങ്ങളോളം വീട്ടുതടങ്കലിൽ. 1986ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച ഹസീന പ്രതിപക്ഷ നേതാവായി. പിന്നീട് അധികാരത്തിലെത്തിയ പട്ടാളത്തലവൻ എച്ച്.എം.ഇർഷാദ്, ബംഗ്ലദേശ് നാഷനലിസ്‌റ്റ് പാർട്ടി നേതാവ് ഖാലിദ സിയ (ജനറൽ സിയയുടെ വിധവ) എന്നിവരും മുജീബിന്റെ ഘാതകരെ സംരക്ഷിച്ചു. കേസെടുക്കുന്നതു പോലും തടഞ്ഞു. പ്രതികളിൽ ചിലർ സ്വന്തം രാഷ്‌ട്രീയ കക്ഷിയുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 1991ലെ തിരഞ്ഞെടുപ്പിലും അവാമി ലീഗ് പ്രതിപക്ഷത്തായിരുന്നു.
• 21 വർഷം, ഘാതകർക്കെതിരെ എഫ്‌ഐആർ
1971 വരെ കിഴക്കന്‍ പാക്കിസ്ഥാന്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം ആ വര്‍ഷം നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധത്തിനു ശേഷമാണ് ബംഗ്ലദേശ് ആയത്. യുദ്ധത്തില്‍ ജയിക്കാനുള്ള സഹായവും പാക്കിസ്ഥാന്‍ പട്ടാളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പലായനം ചെയ്ത ജനങ്ങള്‍ക്ക് അഭയbgx നല്‍കിയld ഇന്ത്യയാണ്. ബംഗ്ലദേശിന്റെ ആദ്യ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ ഇന്ത്യയുമായി അടുപ്പം സൂക്ഷിച്ചു. 1975ല്‍ പട്ടാള അട്ടിമറി കഴിഞ്ഞ ശേഷം 1991 വരെ പട്ടാളഭരണമോ പട്ടാള മേധാവികളുടെ ഭരണമോ ആയിരുന്നു ബംഗ്ലദേശിൽ. ജനറല്‍ സിയാവുര്‍ റഹ്മാനും ജനറല്‍ ഏര്‍ഷാദും പട്ടാള മേധാവികളായാണ് അധികാരത്തില്‍ എത്തിയതെങ്കിലും പിന്നീടു രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചു തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.
1981ല്‍ ജനറല്‍ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടശേഷം, അദ്ദേഹം സ്ഥാപിച്ച ബംഗ്ലാ നാഷനല്‍ പാര്‍ട്ടിയുടെ നേതൃത്വം വിധവ ഖാലിദ സിയ ഏറ്റെടുത്തു. ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ നേതൃനിരയിലേക്കു മകൾ ഷെയ്ഖ് ഹസീനയും എത്തി. അങ്ങനെ 1991 നു ശേഷം ഈ രണ്ടു വനിതകള്‍ നയിക്കുന്ന പാര്‍ട്ടികള്‍ തമ്മിലായി പ്രധാന പോരാട്ടം. 1996 ലെ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് അവാമി ലീഗ് ഭൂരിപക്ഷം നേടി. ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രിയായി. അതോടെ പിതാവ് മുജീബിന്റെ ഘാതകർക്കെതിരെ 21 വർഷത്തിനുശേഷം നടപടി തുടങ്ങി. എഫ്‌ഐആർ ഫയൽ ചെയ്‌തു. പ്രതികളെ കുറ്റവിമുക്‌തരാക്കിയുള്ള ഉത്തരവ് പാർലമെന്റ് റദ്ദാക്കി. 1998 ൽ ധാക്ക സെഷൻസ് കോടതിയും 2001 ൽ ഹൈക്കോടതിയും ശിക്ഷ പ്രഖ്യാപിച്ചെങ്കിലും കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ വീണ്ടും തടസ്സങ്ങളുണ്ടായി.
ഗംഗാജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടതും ടെലികമ്യൂണിക്കേഷന്‍ വ്യവസായം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതും ഹസീനയുടെ ഭരണകാലത്താണ്. ചിറ്റഗോങ് സമാധാന ഉടമ്പടിക്കു പിന്നാലെ അവര്‍ക്ക് യുനെസ്‌കോ സമാധാന സമ്മാനം ലഭിച്ചു. 2001ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ വീണ്ടും പ്രതിപക്ഷത്ത്. 2007ല്‍ സൈന്യം അധികാരം പിടിച്ചപ്പോള്‍ അഴിമതിക്കുറ്റം ചുമത്തി ഹസീനയെ ജയിലിലടച്ചു.
ഖാലിദ സിയയും ഷെയ്ഖ് ഹസീനയും ബദ്ധവൈരികളായതിനാൽ ഇവരുടെ പാര്‍ട്ടികള്‍ തമ്മിലുള്ള ശത്രുതയും രൂക്ഷമാണ്. തുടക്കം മുതല്‍ ബിഎൻപിയുടെ നയപരിപാടികള്‍ക്ക് ഇന്ത്യാവിരുദ്ധ സ്വഭാവമായിരുന്നു. അവര്‍ പാക്കിസ്ഥാനോടാണ് അടുപ്പം കാണിച്ചത്. ഹസീനയാകട്ടെ കടപ്പാടിന്റെ ഓർമയിൽ ഇന്ത്യയോടുള്ള കൂറ് സൂക്ഷിച്ചു. പിതാവിന്റെ പാതയായിരുന്നു ഹസീനയ്ക്കു മുൻപിലുണ്ടായിരുന്നത്. പ്രതിഷേധം കലാപമായപ്പോൾ ഹസീനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “15 വർഷത്തിലേറെയായി ഞാൻ ഈ രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ജനങ്ങൾക്കു വേണ്ടി എന്താണ് ചെയ്യാതിരുന്നത്?’’. ഭരണത്തിലിരിക്കെ ഒരുപാട് ജനപ്രിയ പദ്ധതികളും വികസനവും നടപ്പാക്കിയെങ്കിലും ഇക്കുറി ജനവികാരം മനസ്സിലാക്കാൻ ഹസീനയ്ക്കു സാധിച്ചില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക