കൊല്‍ക്കത്ത: കനത്ത മഴയെത്തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറി. നഗരത്തിലും സമീപ ജില്ലകളിലും ഇന്ന് തുടർച്ചയായി മഴ പെയ്യുന്നുണ്ട്.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്. ഇതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട്ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഹൗറ, പശ്ചിമ ബർധമാൻ, ബിർഭും, പുർബ ബർധമാൻ, ഹൂഗ്ലി, നാദിയ, നോർത്ത്, സൗത്ത് 24 പർഗാനാസ് എന്നിവയുൾപ്പെടെ തെക്കൻ ജില്ലകളിൽ അടുത്ത 12 മണിക്കൂറും മഴ തുടരും. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.





