ജിദ്ദ: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സഊദി അത്‌ലറ്റുകൾ. ഒളിമ്പിക്‌സിൽ ഇതുവരെ ആദ്യ സ്വർണം നേടിയിട്ടില്ലാത്ത രാജ്യത്തിന് ഈ ടൂർണമെൻ്റിൽ വലിയ പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ച് ഷോ ജമ്പിങ്, തായ്‌ക്വോണ്ടോ തുടങ്ങിയ കായിക ഇനങ്ങളിൽ.
ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ട്വിസ്റ്റോടെയാണ് സൗദി ടീം പ്രത്യക്ഷപ്പെട്ടത്. സൗദി അറേബ്യയിലെ കായികതാരങ്ങൾ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ഉദ്ഘാടന ചടങ്ങിൽ സൗദി അറേബ്യയുടെ പ്രതിനിധികൾ ശ്രദ്ധേയമായത്.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ വെള്ളിയാഴ്ച വൈകിട്ട് പാരീസിലെ സീൻ നദിയുടെ തീരത്ത് ഒളിമ്പിക് ഗെയിംസ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യൻ ഒളിംപിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ, ഫഹദ് ബിൻ ജലാവി ബിൻ അബ്ദുൽ അസീസ്, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റ് ഡോ. തോമസ് ബാച്ച്, നിരവധി ലോക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 300,000 കാണികൾ വീക്ഷിക്കാൻ എത്തിയിരുന്നു.
ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങ് പരമ്പരാഗത സ്റ്റേഡിയങ്ങൾക്ക് പുറത്ത് നടന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പരേഡ് 85 ബോട്ടുകളിൽ സീൻ നദിയിലൂടെ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചു.
സൗദി അറേബ്യൻ ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച ദേശീയ മത്സരത്തിലൂടെയാണ് ഉദ്ഘാടന ചടങ്ങിലെ വസ്ത്രങ്ങൾക്കുള്ള ഡിസൈനുകൾ തിരഞ്ഞെടുത്തത്.
ജൂലൈ 28 ന് ഉച്ചയ്ക്ക് 12:00 ന് 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിനായി പൂളിലേക്ക് പോകുന്ന മഷേൽ അൽ അയ്ദ് (17 വയസ്സ്) ആദ്യം മത്സരിക്കും. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ആദ്യ വനിതാ നീന്തൽ താരമാണ് അൽഅയ്ദ്.
30 ന് ഉച്ചയ്ക്ക് 12:00 മണിക്ക് 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സായിദ് അൽ സർരാജ് മത്സരിക്കും. പതിനാറുകാരനായ അൽസർരാജ് നിലവിലെ പതിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സൗദി അത്‌ലറ്റാകും. ഓഗസ്റ്റ് 2 ന് രാത്രി 9:10 ന് ഭാരോദ്വഹന മത്സരത്തിൽ മുഹമ്മദ് ടോളോ തൻ്റെ കരുത്ത് പ്രകടിപ്പിക്കും. അതേ ദിവസം, 12:50ന് ന് 100 മീറ്റർ അത്‌ലറ്റിക്‌സിൽ ഹിബ മാലിം മത്സരിക്കും.
അബ്ദുള്ള അൽ ഷർബത്ലി, റംസി അൽ ദുഹാമി, ഖാലിദ് അൽ മോബ്തി, അബ്ദുൽറഹ്മാൻ അൽ റാജ്ഹി എന്നിവരടങ്ങുന്ന സൗദി കുതിരസവാരി ടീം ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12:00 നും ഓഗസ്റ്റ് 5 ന് വൈകിട്ട് 5:00 നും ഷോ ജമ്പിങ് ഇനങ്ങളിൽ മത്സരിക്കും. .
ഓഗസ്റ്റ് 7 ന് രാവിലെ 10:00 മണിക്ക് 49 കിലോഗ്രാം വിഭാഗത്തിൽ ദുനിയ അബു തലേബ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് തായ്‌ക്വോണ്ടോയിൽ മത്സരിക്കും. സൗദി അറേബ്യയിൽ നിന്ന് നേരിട്ട് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ അത്‌ലറ്റാണ് അബു തലേബ്. പിന്നീട് ഓഗസ്റ്റ് മൂന്നിന് രാവിലെ 11.10ന് പോൾവോൾട്ട് മത്സരത്തിൽ ഹുസൈൻ അൽ ഹിസാം പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ഉദ്ഘാടന വേളയിൽ സൗദി പതാക ഉയർത്തിയതിൻ്റെ ബഹുമതി ജമ്പർ റംസി അൽ ദുഹാമി, തായ്‌ക്വോണ്ടോ അത്‌ലറ്റ് ദുനിയ അബു തലേബ് എന്നിവർക്ക് ലഭിച്ചു. തൻ്റെ സഹതാരത്തിനൊപ്പം രാജ്യത്തിൻ്റെ പതാക ഉയർത്തിയതിൽ അൽ ദുഹാമി അഭിമാനം പ്രകടിപ്പിച്ചു. ഇത് ഏതൊരു സൗദി പൗരൻ്റെയും സ്വപ്നമാണെന്നും വളരെയധികം അഭിമാനത്തിൻ്റെ ഉറവിടമാണെന്നും ചൂണ്ടിക്കാട്ടി. സൗദി കായികരംഗത്തെ മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്നതിൽ തനിക്കും തൻ്റെ സഹ കായികതാരങ്ങൾക്കും വിജയം ആശംസിച്ചു.





