ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക: എണ്ണ ഉൽപാദന മേഖലയിൽ കടുത്ത പ്രതിസന്ധി

0
11

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധികളാണ്. ഇറാനെതിരായ ഉപരോധത്തിന് പിന്നാലെ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ കയറ്റുമതി തടസപ്പെട്ട നിലയാണ് ഇറാനിലുള്ളത്.

എന്നാൽ കേടുപാടുകളുണ്ടാവുമോയെന്ന ആശങ്കയെ തുടർന്ന് താൽക്കാലികമായി പോലും എണ്ണക്കിണറുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനാവാത്ത സ്ഥിതിയും ഇറാൻ നേരിടുന്നുണ്ട്. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സംഭരണശാലകൾ ഏകദേശം നിറഞ്ഞ സാഹചര്യവും നേരിടുന്നതിനാൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ശേഖരിക്കാൻ പുതുവഴികൾ തേടുകയാണ് ഇറാൻ. എണ്ണ ശേഖരിക്കാൻ പഴയ ടാങ്കർ കപ്പലുകളെയാണ് നിലവിൽ ഇറാൻ ഉപയോഗിക്കുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് 30 വർഷം പഴക്കമുള്ള ‘നാഷ’ എന്ന എണ്ണക്കപ്പൽ ഇറാൻ വീണ്ടും ഉപയോഗിക്കുന്നത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ ടാങ്കർ ഇപ്പോൾ കടലിൽ എണ്ണ സംഭരിക്കാനുള്ള സംവിധാനമായി മാറ്റിയിരിക്കുകയാണ് ഇറാൻ.

ഇറാന്റെ എണ്ണ ഉത്പാദന മേഖലയെ അമേരിക്കൻ ഉപരോധം എങ്ങനെ വരിഞ്ഞുമുറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നടപടി. 13 ദശലക്ഷം ബാരൽ എണ്ണയാണ് ഇത്തരത്തിൽ ശേഖരിക്കാനാവുകയെന്നും എന്നാൾ ഒരു ദിവസം ഉത്പാദിപ്പിക്കുന്നത് 1 ദശലക്ഷം എണ്ണയാണ് ഇറാൻ ഉത്പാദിപ്പിക്കുന്നത്.

അതിനാൽ 13 ദിവസത്തിനുള്ളിൽ നാഷയിലെ ശേഖര ശേഷി പൂർണമാകുമെന്നാണ് സമുദ്ര വ്യാപാര വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 16 മുതൽ ഇത്തരത്തിൽ ഇറാൻ കപ്പലുകളിലേക്ക് ഓയിൽ മാറ്റുന്നതായാണ് സാറ്റലൈറ്റ് ചിത്രങ്ങളെ വിശകലനം ചെയ്ത് വിദഗ്ധർ വിശദമാക്കുന്നത്. സംഭരണ ശേഷി കഴിയുന്നതോടെ ഇറാന്റെ സാമ്പത്തിക വ്യവസ്ഥ ശ്വാസം മുട്ടുന്ന അവസ്ഥയിലാവുമെന്നാണ് നിരീക്ഷണം.

എണ്ണക്കിണറുകൾ പെട്ടെന്ന് അടച്ചുപൂട്ടുന്നത് ഭൂഗർഭ മർദ്ദത്തെയും കിണറുകളുടെ പ്രവർത്തനക്ഷമതയെയും ബാധിക്കുമെന്നതിനാലാണ് ഉൽപാദനം താൽക്കാലികമായി പോലും നിർത്തുന്നതിന് വെല്ലുവിളിയാവുന്നത്. ഉൽപ്പാദനം നിർത്തിയാൽ കിണറുകൾക്കുള്ളിൽ വെള്ളം കയറാനും അത് എണ്ണയുടെ അളവ് കുറയ്ക്കാനും സാധ്യതയുണ്ട്. ഇത് കിണറുകൾക്ക് ശാശ്വതമായ കേടുപാടുകൾ വരുത്തുമെന്നതിനാലാണ് കയറ്റുമതി മുടങ്ങിയിട്ടും ഇറാൻ ഉൽപ്പാദനം തുടരുന്നത്.

നിലവിലെ കണക്കുകൾ പ്രകാരം ഏകദേശം 12-13 ദിവസത്തേക്കുള്ള സംഭരണ ശേഷി മാത്രമേ ഇനി ബാക്കിയുള്ളൂ. കയറ്റുമതി പുനരാരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ, കിണറുകൾ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉൽപ്പാദന നഷ്ടം നേരിടുകയോ ചെയ്യേണ്ടി വരുമെന്ന കടുത്ത വെല്ലുവിളിയാണ് ഇറാൻ നേരിടുന്നത്. പഴയ കപ്പലുകൾ ഉപയോഗിച്ചുള്ള സംഭരണം ഒരു താൽക്കാലിക പരിഹാരം മാത്രമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

…..