തിരുവനന്തപുരം: കൊലയാളികളെന്ന് മുദ്രകുത്തുമ്പോൾ യഥാർഥത്തിൽ മഹേഷിന് പ്രായം പതിനേഴ്, അനുജൻ രാജേഷിന് പതിനാറ്. പക്ഷേ, ഏതോ പോലീസുകാരൻ വയസ്സ് തെറ്റിച്ചെഴുതിയതുവഴി ഇവരും അനുഭവിച്ചത് 14 വർഷത്തെ കാരാഗൃഹവാസം. ബാലനീതി നിയമപ്രകാരം 18 വയസ്സിനു താഴെയുള്ളവർ ചെയ്യുന്ന കുറ്റത്തിന് പരമാവധി ശിക്ഷ മൂന്നുവർഷമാണ്. ഇതറിയാതെയാണ് ഇരുവരും വർഷങ്ങളോളം ശിക്ഷയനുഭവിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2004-ൽ ഇടുക്കി ദേവികുളം കുണ്ടള സാന്റോസ് കോളനിയിൽ പളനിസ്വാമി കൊല്ലപ്പെട്ട കേസിലാണ് തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുവരും പ്രതികളാവുന്നത്. പ്രായപൂർത്തിയായിട്ടില്ലെന്ന് പറയാനും തെളിയിക്കാനും ആരുമുണ്ടായില്ല. ആദ്യം 79 ദിവസം ജയിലിൽ, പിന്നീട് ജാമ്യത്തിലിറങ്ങി. 2010-ൽ തൊടുപുഴ സെഷൻസ് കോടതി നാലുപേർക്കും ജീവപര്യന്തം വിധിച്ചു. അച്ഛൻ സെബാസ്റ്റ്യനും (ആസൈതമ്പി) അമ്മ കുട്ടിയമ്മയ്ക്കും ഒപ്പം വീണ്ടും ജയിലിലേക്ക്. 2016-ൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശിക്ഷായിളവ് ലഭിച്ചില്ല.
മാസങ്ങൾക്കുമുൻപ് പൂജപ്പുര സ്ത്രീകളുടെ ജയിൽ സന്ദർശനത്തിനെത്തിയ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തകരോട് കുട്ടിയമ്മ മക്കൾ ചെറുപ്രായത്തിൽ കേസിൽപ്പെട്ടത് പറഞ്ഞു. തുടർന്ന് കൊലപാതകംനടന്ന സമയത്ത് മഹേഷിനും രാജേഷിനും പ്രായപൂർത്തിയായിരുന്നില്ല എന്നുകാണിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ്. ഷംനാദ് ഇടപെട്ട് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജിനൽകി. പ്രായം അന്വേഷിക്കാനും കേസ് പുനഃപരിശോധിക്കാനും ഹൈക്കോടതി നിർദേശിച്ചു. തൊടുപുഴ സെഷൻസ് കോടതിയിലായിരുന്നു അന്വേഷണം. പഠിച്ച സ്‌കൂളിലെ പ്രഥമാധ്യാപകൻ രജിസ്റ്ററുമായെത്തി. മൈനറായിരുന്നുവെന്ന് തെളിഞ്ഞു.
അപൂർവമായിമാത്രമാണ് സി.ആർ.പി.സി. 362 മുഖേന അന്തിമവിധിന്യായം പുനഃപരിശോധിക്കുകയെന്ന് എസ്. ഷംനാദ് പറഞ്ഞു. ഇരുവരുടെയും ജീവിതം നിരീക്ഷിക്കാനും മാർഗനിർദേശം നൽകാനും അഭിഭാഷകയായ അനുജിയെ നിയമിച്ചിട്ടുണ്ട്.
18 വയസ്സിനു താഴെയുള്ളപ്പോൾ കുറ്റകൃത്യംചെയ്ത് ജയിലിലായവരെ കണ്ടെത്തുന്ന ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ റീസ്‌റ്റോറിങ് യൂത്ത് എന്ന പരിപാടിയിലൂടെ കേരള ലീഗൽ സർവീസ് അതോറിറ്റിയാണ് ഈ മാസം ഒമ്പതിന് ഇരുവർക്കും പുറത്തേക്കുള്ള വഴിയൊരുക്കിയത്.
വിചാരണക്കാലത്ത് ഇരുവരും വിവാഹിതരായി. ജയിലിൽനിന്നുള്ള ശമ്പളം വീട്ടിലേക്ക് അയച്ചു. രണ്ടുപേരുടെയും മക്കൾ പഠിക്കുകയാണ്. ഇടയ്ക്കിടെ പരോളിലിറങ്ങി ഭാര്യയെയും മക്കളെയും കണ്ടിരുന്നു. ഇപ്പോൾ താമസം മറയൂരിലേക്ക് മാറ്റി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക