ബറേലി: ഞാവൽപഴങ്ങൾ പറിച്ചുനൽകാത്തതിന് നാലാംക്ലാസുകാരനായ ദലിത് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മർദിച്ചതായി പരാതി.ഉത്തർപ്രദേശിലെ ബറേലിയിലെ കുലാഡിയയിലാണ് സംഭവം നടന്നത്.
സർക്കാർ സ്‌കൂളിലെ അധ്യാപിക മകനെ ക്ലാസ് മുറിയിലിട്ടുപൂട്ടി ക്രൂരമായി മർദിക്കുകയായിരുന്നെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവം വിവാദമായതോടെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു.
ബിഹാരിപൂർ സ്വദേശികളും കൂലിപ്പണക്കാരായ പോത്തിറാമിന്റെയും ഭാൻവതിയുടെയും മകനാണ് മർദനമേറ്റത്. കഴിഞ്ഞദിവസം മകൻ കരഞ്ഞുകൊണ്ടായിരുന്നു വീട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് മാതാവ് ഭാൻവതി പറയുന്നു. മകന്‍റെ തോളിലും പുറം ഭാഗത്തും നിരവധി മുറിവുകളുണ്ടായിരുന്നുവെന്നും ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അധ്യാപികയായ റാണി ഗാംഗ്വാർ ഞാവൽ മരത്തിൽകയറി പഴങ്ങൾ പറിച്ച് നൽകാൻ നിർബന്ധിക്കുകയായിരുന്നു. അതിന് വിസമ്മതിച്ചപ്പോൾ അധ്യാപിക ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു.ഏകദേശം രണ്ടുമണിക്കൂർ തുടർച്ചയായി മകനെ മർദിച്ചെന്നും മാതാവിന്റെ പരാതിയിൽ പറയുന്നു. സ്‌കൂളിൽ പരാതിയുമായി ചെന്നപ്പോൾ ഗ്രാമത്തിലെ ചിലർ കേസ് ഒതുക്കിത്തീർക്കാൻ ആവശ്യപ്പെട്ടു.
ഗ്രാമത്തിലെ പ്രമുഖരാണ് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടത്.എന്റെ ഭർത്താവ് അതിന് തയ്യാറായെങ്കിലും താന്‍ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. മകന് ദേഹത്ത് പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച ശേഷമാണ് പരാതി നൽകിയതെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
‘സംഭവത്തിൽ നിന്ന് തന്റെ മകൻ ഇനിയും മുക്തിനേടിയിട്ടില്ല. മകനെ ക്രൂരമായി മർദിച്ച അധ്യാപികയെ ജയിലിൽ അടക്കണം’. അവർ ആവശ്യപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ ഒന്നിലധികം മുറിവുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധ്യാപികക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു. കുട്ടിയുടെ മുറിവുകൾ വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു, സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപികക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും ആരോപണവിധേയയായ അധ്യാപിക റാണി അവകാശപ്പെട്ടു.