ദമാം വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീ പിടിച്ചു

0
2258

വിമാനത്തിൽ ഉണ്ടായിരുന്നത് ജീവനക്കാർ ഉൾപ്പെടെ 194 യാത്രികർ

ദമാം: സഊദിയിലെ ഏറ്റവും തിരക്കേറിയ വിമാതാവളങ്ങളിൽ ഒന്നായ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നൈല്‍ എയര്‍ വിമാനത്തിലാണ് ടേക്ക് ഓഫ് നടത്തുന്നതിനിടെ തീ പടര്‍ന്നുപിടിച്ചത്. സംഭവത്തിൽ അപകടമോ മറ്റോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദമാം എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് നടത്തുന്നതിനിടെ നെയിൽ എയറിന്റെ എയര്‍ബസ് 320-എ ഇനത്തില്‍ പെട്ട വിമാനത്തിനാണ് തീപ്പിടിച്ചത്. വിമാനത്തിന്റെ ടയര്‍ സംവിധാനത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റുമാര്‍ ടേക്ക് ഓഫ് റദ്ദാക്കുകയും എയര്‍പോര്‍ട്ടിലെ അഗ്നിശമന സംഘങ്ങള്‍ വിമാനത്തിലെ തീ വിജയകരമായി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഇതിനിടെ യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റുകള്‍ വഴി ഒഴിപ്പിപ്പിക്കുകയും ചെയ്തിരുന്നു.

എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി സംഘം ഉടനടി സംഭവത്തില്‍ ഇടപെടുകയും തീ നിയന്ത്രണ വിധേയമാക്കുകയും 186 യാത്രക്കാരെയും എട്ടു വിമാന ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തുവെന്ന് ദമാം എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രഷന്‍ വ്യക്തമാക്കി. സംഭവത്തിൽ തങ്ങളുടെ വിദഗ്ധ സംഘം അന്വേഷണം നടത്തിയതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്റര്‍ അറിയിച്ചു.

അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയാനും കാരണങ്ങള്‍ നിര്‍ണയിക്കാനും സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്. ദമാം എയര്‍പോര്‍ട്ടില്‍ മറ്റു വിമാനങ്ങളുടെ ലാന്‍ഡിംഗിനെയോ ടേക്ക് ഓഫിനേയോ സംഭവം ബാധിട്ടില്ലെന്നും ദമാം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വീഡിയോ 👇