മക്ക: വിശുദ്ധ റമസാനിലെ ഏറ്റവും സവിശേഷമായ ഇരുപത്തിയേഴാം രാവിനെ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങളിലെ മസ്ജിദുകൾ ഒരുങ്ങി. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ഇന്നാണ് ഇരുപത്തിയേഴാം രാവ്.
ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള രാവെന്ന് വിശേഷിപ്പിക്കുന്ന ലൈലത്തുൽഖദ്ർ റമസാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ (21, 23, 25, 27, 29) ഒന്നിലായിരിക്കും. അതിൽ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നത് 27ാം രാവായതിനാൽ മറ്റു ദിവസങ്ങളെക്കാൾ കൂടുതൽ വിശ്വാസികൾ ആരാധനായലങ്ങളിലെത്തി നേരം പുലരുവോളം പ്രാർഥനയിൽ മുഴുകും. നിർബന്ധ, ഐഛിക നമസ്കാരങ്ങൾ നിർവഹിച്ചും ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാർഥനകളിലും മുഴുകും.
മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇന്നു രാത്രി ഒത്തുചേരുക. റമസാനിലെ അവസാന പത്തിലേക്കു കടന്നതോടെ ഹറം പള്ളികളിൽ അഭൂതപൂർവ തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്.
രാത്രിയുടെ അന്ത്യയാമങ്ങളിൽ നടക്കുന്ന പ്രത്യേക നമസ്കാരങ്ങളിലും പ്രാർഥനകളിലും പങ്കെടുക്കാൻ വൻ ജനതിരക്കാണ് പ്രതീക്ഷിക്കുന്നത്. ദാനധർമങ്ങൾക്കും പ്രാർഥനകൾക്കും ഏറെ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്താൽ ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമാകും.
വൻ ജനത്തിരക്ക് കണക്കിലെടുത്ത് യുഎഇ, സൗദി, കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഗതാഗത, സുരക്ഷാ വിഭാഗങ്ങൾ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകൾക്ക് സമീപം ഗതാഗത നിയന്ത്രണവും അധിക പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വിശ്വാസികൾക്ക് പ്രാർഥനകൾക്കായി കൂടുതൽ സമയം ചെലവഴിക്കാൻ പള്ളികളിൽ വിപുലമായ സൗകര്യങ്ങളാണ് അതാതു രാജ്യങ്ങളിലെ മതകാര്യ മന്ത്രാലയങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഓരോ മേഖലകളിലുമുള്ള പള്ളികളിൽ ഖിയാമുൽലൈൽ നമസ്കാരം വ്യത്യസ്ത സമയങ്ങളിൽ ക്രമീകരിച്ചതിനാൽ ഓരോരുത്തരുടെയും സൗകര്യം അനുസരിച്ച് ആരാധനയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ലോകസമാധാനത്തിനായും മാനവികതയ്ക്കായും ഈ പുണ്യരാവിൽ പ്രത്യേക പ്രാർഥനകൾ നടക്കും.
….





