Tuesday, 18 February - 2025

എട്ട് ലക്ഷം ദിർഹത്തിന്റെ സ്വർണ കവർച്ച; ഇന്ത്യക്കാരനുൾപ്പെടെ പിടിയിൽ

ദുബായിലെ പ്രമുഖ സ്വർണക്കടയിൽ നിന്ന് എട്ട് ലക്ഷം ദിർഹത്തിലേറെ വില വരുന്ന സ്വർണം കവർന്ന ഇന്ത്യക്കാരനുൾുപ്പെടടെ മൂന്നുപേരെ നാടുകടത്താൻ വിധിച്ച് കോടതി. നൈഫ് മേഖലയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് കവർച്ച നടന്നത്. ഒരു ഇന്ത്യക്കാരനെയും രണ്ട് ഈജിപ്ഷ്യൻ പൗരൻമാരെയുമാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഒന്നാം പ്രതിയായ ഇന്ത്യക്കാരനും രണ്ടാം പ്രതിയായ ഈജിപ്ഷ്യൻ പൗരനും ചേർന്ന് ജോലി ചെയ്തിരുന്ന സ്വർണക്കടയിൽ നിന്ന് 823,604.17 ദിർഹത്തിന്റെ സ്വർണം കവർന്നതായാണ് കണ്ടെത്തിയത്. കമ്പനിയുടെ അറിവില്ലാതെ ഒന്നാം പ്രതി  രഹസ്യമായി മറ്റൊരു സ്വർണപണിശാല സ്ഥാപിക്കുകയും ജ്വല്ലറിയുടെ പേരിൽ പത്ത് തൊഴിലാളികളെ നിയമിക്കുകയും ചെയ്തതായി കണ്ടെത്തി. 

ഇങ്ങനെ നിയമിച്ച തൊഴിലാളികൾക്ക് ശമ്പളം നൽകിയിരുന്നതും സ്വർണക്കടയുടെ ഫണ്ടിൽ നിന്നായിരുന്നു. തൊഴിൽ കരാറിൽ തിരിമറി നടത്തി സ്വന്തം ശമ്പളം പതിനായിരത്തിൽ നിന്ന് അൻപതിനായിരം ദിർഹമായി വർധിപ്പിച്ചതായും കോടതി കണ്ടെത്തി.

പ്രതികളിൽ മൂന്നാമനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒന്നും രണ്ടും പ്രതികൾ നടത്തിയ തട്ടിപ്പിലൂടെ ഒളിവിൽ കഴിയുന്ന മൂന്നാമന് 236823 ദിർഹം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതിയുടെ സഹോദരനാണ് ഇയാൾ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നും രണ്ടും പ്രതികളെ മൂന്ന് മാസം തടവിന് ശിക്ഷിച്ചു. രണ്ടുപേരും ചേർന്ന് 824,604.17 ദിർഹം പിഴയും അടയ്ക്കണം.

തടവ് ശിക്ഷയുടെ കാലാവധി കഴിഞ്ഞാൽ ഇരുവരെയും നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.  മൂന്നാം പ്രതിയ്ക്ക് ഒരുമാസത്തെ തടവാണ് ശിക്ഷ വിധിച്ചത്. 236,823 ദിർഹം പിഴയും അടയ്ക്കണം. ഇയാളെ പിടികൂടി തടവ് ശിക്ഷ പൂർത്തിയായ ശേഷം നാടുകടത്തണമെന്നാണ് നിർദേശം.

Most Popular

error: