കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് സര്‍വീസ് കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ. ഇതേതുടര്‍ന്ന് ജൂലൈ 15 മുതല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും. തിങ്കളാഴ്ച മുതല്‍ ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി സര്‍വീസ് നടത്തും. പത്ത് ദിവസം തുടര്‍ച്ചയായി കൂടുതല്‍ യാത്രക്കാരനാണ് നഗരത്തില്‍ മെട്രോ സര്‍വീസ് ഉപയോഗിക്കുന്നത്. പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാലാണ് കെഎംആര്‍എല്‍ സര്‍വീസുകള്‍ കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.
ഈ വര്‍ഷം ആദ്യ അഞ്ച് മാസത്തിനുള്ളില്‍ മെട്രോയില്‍ ഇതുവരെ 1,64,27,568 പേര്‍ യാത്ര ചെയ്തുകഴിഞ്ഞുവെന്നാണ് കണക്ക്. 2024 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ 1,64,27,568 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചു. ഈ മാസം ഇന്നലെ വരെ 11,99,354 യാത്രക്കാരാണ് സഞ്ചരിച്ചത്. കഴിഞ്ഞ പത്തുദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചിരുന്നു.
തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും പുതിയ സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കുന്നതോടുകൂടി സാധ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാനാകുമന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. നിലവില്‍ രാവിലെ എട്ടുമണി മുതല്‍ 10 മണി വരെയും വൈകീട്ട് നാല് മണി മുതല്‍ മുതല്‍ ഏഴ് മണിവരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള ഹെഡ് വേ ഏഴ് മിനിറ്റും 45 സെക്കന്‍ഡുമാണ്.
പുതിയ ഷെഡ്യൂള്‍ വരുന്നതോടെ ഈ ഹെഡ് വേ വെറും ഏഴ് മിനിറ്റായി ചുരുങ്ങും. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വയഡക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ മെട്രോ യാത്രയുടെ മുഖംതന്നെ മാറുമെന്ന പ്രതീക്ഷയിലാണ് കൊച്ചി.
മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകാനും തീരുമാനമുണ്ട്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെ നിര്‍മാണ കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
ഇവരുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് താമസിയാതെ കരാറൊപ്പിടും. 2026 മാര്‍ച്ചിനകം ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ കരാര്‍ കൈമാറുന്നതിനിടെ വ്യക്തമാക്കിയിരുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് കെഎംആര്‍എല്‍ മുന്നോട്ടുവയ്ക്കുന്നത്.
ടെസ്റ്റ് പൈലിങ് നടത്തുന്നതിനുള്ള സ്ഥലവും അതിന്റെ തീയതിയുമെല്ലാം അടുത്ത ദിവസം പ്രഖ്യാപിക്കും. കാസ്റ്റിങ് യാര്‍ഡിനായി കണ്ടെത്തിയത് എച്ച്എടിയുടെ സ്ഥലമാണ്. ഈ സ്ഥലം ഏറ്റെടുക്കും. 11.2 കിലോമീറ്റര്‍ നീളമുള്ള രണ്ടാംഘട്ട റൂട്ടില്‍ 11 സ്റ്റേഷനുകളാണ് വരുന്നത്. ഈ റൂട്ടില്‍ കെ എം ആര്‍ എല്ലിന്റെ നേതൃത്വത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.