തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം ഉദ്ഘാടന ദിവസം പ്രതിപക്ഷം കരിദിനം ആചരിച്ചിട്ടില്ലെന്നും ആഹ്ലാദ ദിനമായി ആചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു എന്നതായിരുന്നു അന്നത്തെ സിപിഐഎം നിലപാട്.
ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് ചൈനീസ് കമ്പനിയുമായി പദ്ധതി വേണ്ടെന്നുവച്ചത്. അതിന് യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒപ്പം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ച ആളാണ് അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ ബാബു എന്നത് അഭിമാനപൂര്‍വ്വം പറയുന്നു. ഇതില്‍ കെ ബാബുവിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കടല്‍ക്കൊള്ള എന്നും റിയല്‍ എസ്റ്റേറ്റ് എന്നുമൊക്കെ അന്ന് പാര്‍ട്ടി പത്രം എഴുതി. ഇന്നലെ സ്വപനതീരം എന്നെഴുതി ഓന്തിനെ പോലെ നിറം മാറുകയാണ്. പദ്ധതി മത്സ്യബന്ധനത്തിന് തടസ്സമാകും എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ അന്ന് സര്‍ക്കാരിന് എതിരാക്കി. മുഖ്യമന്ത്രിയുടെ പേര് പോലും പരാമര്‍ശിക്കാതെ നാള്‍വഴികള്‍ പ്രസംഗിച്ചു.
അത് മറച്ചുവെക്കാന്‍ പിണറായി വിജയന് കഴിയില്ല. പദ്ധതിക്കായി മൂന്നിലൊന്ന് തുക മാത്രമാണ് പിണറായി സര്‍ക്കാര്‍ നല്‍കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. അന്ന് ക്രെയിന്‍ വന്നപ്പോഴും ഇവര്‍ ആഘോഷിച്ചു. ഞാനും പോയി, ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ സംസാരിച്ചു. അന്ന് എന്റെ പ്രസംഗം കേട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പോലും കയ്യടിച്ചു.
അതുപോലെ ഇന്ന് ഉണ്ടാകാതെയിരിക്കാനാണ് ഇന്ന് എന്നെ വിളിക്കാതെ ഇരുന്നത്. എന്നാലും ഞങ്ങള് പരിപാടി ബഹിഷ്‌കരിച്ചില്ലെന്നും സതീശന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ തുറമുഖങ്ങളുമായി മത്സരിക്കേണ്ട പദ്ധതിയാണ് വിഴിഞ്ഞം. എന്നിട്ടും ചരക്ക് നീക്കത്തിന് വേണ്ട റോഡ് ഉണ്ടാക്കാനോ, റെയില്‍വേ ലൈന്‍ ഉണ്ടാക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എട്ട് വര്‍ഷം എന്ത് ചെയ്തു എന്ന് ആത്മപരിശോധന നടത്തട്ടെ. പദ്ധതി 2019ല്‍ യാഥാര്‍ത്ഥ്യമാകേണ്ടതായിരുന്നു.
ഇരകളുടെ പുനരധിവാസം ശരിയായ വിധമല്ല. സിമന്റ് ഗോഡൗണില്‍ ആയിരുന്നു ഒട്ടേറെ കുടുംബങ്ങള്‍. പുനരധിവാസം സംബന്ധിച്ച് ഞങ്ങള് ഇടപെട്ടാണ് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത്. അവിടുത്തെ ജനങ്ങള്‍ സമരം ചെയ്തു. യുഡിഎഫ് പിന്തുണ നല്‍കി. സമരക്കാരെ അന്ന് വര്‍ഗീയവാദികള്‍ എന്നാണ് സിപിഐഎമ്മും പാര്‍ട്ടി പത്രവും വിളിച്ചത്. 140 ദിവസത്തെ സമരത്തിന് ശേഷമാണ് അവരെ പുനരധിവസിപ്പിച്ചത്. ഇതില്‍ ഉള്‍പ്പടെ ഞങ്ങളുടെ ശ്രദ്ധ ഉണ്ടായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇതിനിടെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ മര്യാദയില്ലായ്മയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. നല്ല മനസ്സുണ്ടെങ്കിലേ ഇവരെയൊക്കെ വിളിക്കാന്‍ കഴിയുവെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഞങ്ങള്‍ക്ക് ഇതൊരു പുത്തരിയല്ല.
പിണറായി വിജയന്‍ കാലഹരണപ്പെട്ട നേതാവാണ്. അവരില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പേര് വേദിയില്‍ പരാമര്‍ശിക്കുക പോലും ചെയ്തില്ല. മരണപ്പെട്ടുപോയ ആളുടെ പേര് പറയാന്‍ പോലും മനസ്സില്ലാത്തവരാണ്.’- സുധാകരന്‍ പ്രതികരിച്ചു.