ന്യൂഡൽഹി: ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഗാന്ധി കുടുംബം വിവാഹത്തിനെത്തില്ലെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. മാസങ്ങൾ നീണ്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കു ശേഷം ഇന്നാണ് (ജൂലൈ 12) ഇരുവരുടെയും വിവാഹം. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ.
മുകേഷ് അംബാനി ഡൽഹിയിൽ നേരിട്ടെത്തി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇരുവരും പങ്കെടുക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി തവണ അംബാനിയെ രാഹുൽ വിമർശിച്ചിരുന്നു. ധിരുഭായ് അംബാനിയുടെ കാലം മുതൽ അവരുമായി അടുപ്പം സൂക്ഷിക്കുന്നവരാണ് ഗാന്ധി കുടുംബം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചടങ്ങിനെത്തും. താക്കറെ കുടുംബവും വിവാഹത്തിനെത്തും. ഇവരെല്ലാവരെയും അംബാനി വ്യക്തിപരമായി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.