ദിസ്പൂർ: വനപാതകളിലൂടെ ട്രെയിൻ പോകുമ്പോൾ അവ വന്യമൃഗങ്ങളെ ഇടിക്കുക പതിവാണ്. ഇത്തരത്തിൽ നിരവധി വന്യജീവികൾ അടുത്തിടെ രാജ്യത്തിന്റെ പല ഭാഗത്തായി ട്രെയിൻ ഇടിച്ച് ചത്തിട്ടുണ്ട്. അവയിൽ ഏറെയും ആനകളായിരിക്കും എന്നതാണ് യാഥാർത്ഥ്യം.
കാടിന് നടുവിലൂടെയും ആനത്താരകൾക്ക് കുറുകെയും കടന്നുപോകുന്ന ട്രെയിനുകൾ പരമാവധി വേഗം കുറച്ചുതന്നെയാണ് പോകുക. എന്നാൽ ചിലപ്പോൾ അപകടങ്ങൾ വിചാരിക്കാതെ കടന്നുവരും. അത്തരത്തിലൊരു തീവണ്ടി ആനയെ ഇടിച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ജൂലൈ പത്തിന് അസമിലെ ജെഗിറോഡ് റെയിൽവെ സ്റ്റേഷനടുത്താണ് സംഭവം. സിൽച്ചറിലേക്ക് പോകുകയായിരുന്ന കഞ്ചൻജംഗ എക്സ്പ്രസ് ഇടിച്ചാണ് ആനയ്ക്ക് പരിക്കേറ്റത്. ഇടിച്ച ശേഷം ആന എഴുന്നേറ്റ് നിൽക്കാൻ പാടുപെടുന്നതായി കാണാം. പരിക്കേറ്റ് ശരീരത്തിലെല്ലാം മുറിവുകളാണെങ്കിലും പാളം മുറിച്ചുകടക്കാനായി ആന കഷ്ടപ്പെട്ട് ഇഴഞ്ഞുനീങ്ങുന്നതും വീഡിയോയിൽ കാണാം. എന്നാൽ അതിന് കഴിയാതെ വന്നതോടെ തൊട്ടടുത്ത ട്രാക്കിലേക്ക് ആന വീഴുന്നു.
കേരളത്തിൽ ഇത്തരത്തിൽ പാലക്കാട്-കോയമ്പത്തൂർ പാതയാണ് സ്ഥിരം അപകടമേഖല. മെയ് ഏഴിന് ചെന്നൈ മെയിൽ ഇടിച്ച് ഇവിടം ഒരു കാട്ടാന ചരിഞ്ഞിരുന്നു. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് വനം മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തിയിരുന്നു. ശേഷം ട്രെയിനുകളുടെ വേഗം കുറയ്ക്കാനുള്ള നടപടികളുണ്ടായി. പാതയിലെ ബി ലൈനില്‍ വേഗത മണിക്കൂറില്‍ 35 കി.മീ ആക്കി കുറയ്ക്കുകയും എ ട്രാക്കിലെ വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായും കുറച്ചിരുന്നു.